തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഫയൽനീക്കം പ്രതിസന്ധിയിൽ. ഫയൽ നീക്കം സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ എടുക്കുന്ന പ്രതിമാസ അവലോകന റിപ്പോർട്ട് മുടങ്ങിയിട്ട് നാലുമാസമായെന്നാണ് റിപ്പോർട്ട്. നവകേരള സദസ്സിനിടെയാണ് ഈ റിപ്പോർട്ട് ചർച്ചയാകുന്നത്.

ജൂലൈയ്ക്ക് ശേഷം ഇതുവരെ അവലോകന റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ലെന്നും എത്തിയ ഫയലുകളുടെ എണ്ണം കൂടുകയാണെന്നുമാണ് റിപ്പോർട്ടുകൾ. ജൂലൈയിൽ 8000 ഫയലുകളിൽ 4000 എണ്ണത്തിലാണ് തീർപ്പു കൽപ്പിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. നാലു മാസമായി അവലോകനം ഇല്ല. ഇതോടെ ഉദ്യോഗസ്ഥർക്കും ഫയലുകളുടെ കാര്യത്തിൽ ആശങ്ക ഇല്ലാതായി. ഫയൽ നീക്കത്തിന്റെ കാര്യത്തിൽ വിവിധ വകുപ്പുകളും അലംഭാവവും വീഴ്ചയും വരുത്തുന്നുവെന്നാണ് ആക്ഷേപം.

മൂന്ന് വർഷത്തിനിടയിൽ 12 ശതമാനത്തിൽ താഴെ മാത്രമാണ് പരാതികൾക്ക് തീർപ്പ് കൽപ്പിക്കാനായത്. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കുറയ്ക്കാൻ പോലും നടപടിയില്ല എന്ന ആക്ഷേപവുമുണ്ട്. ജൂലൈയിലെ പ്രതിമാസ പ്രവർത്തന അവലോകന റിപ്പോർട്ടിൽ 27 വകുപ്പുകളിലായി ഏകദേശം നാൽപ്പതിനായിരത്തോളം ഫയലുകൾ പരിഗണനയ്ക്ക് എത്തിയിരുന്നു, അതിൽ തീർപ്പാക്കിയത് അയ്യായിരം മാത്രമാണ്.