തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. എറണാകുളത്തും കോഴിക്കോടും വെള്ളിയാഴ്ച യെല്ലോ അലർട്ടാണ്. ഉച്ചക്ക് ശേഷം ഇടിയോട് കൂടി മഴ കനത്തേക്കും. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.

മാലിദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. നാളെയോടെ ആൻഡമാൻ കടലിൽ ഒരു ചക്രവാതച്ചുഴിയും രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

അതേസമയം, നവംബർ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും നവംബർ 26, 27 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുലാവർഷം 22 ശതമാനം അധിക മഴ
ഒക്ടോബറിൽ ആരംഭിച്ച തുലാവർഷത്തിൽ സംസ്ഥാനത്ത് ഇതുവരെ 22 ശതമാനം അധിക മഴ ലഭിച്ചു. 442.3 മി.മീ ലഭിക്കേണ്ടിടത്ത് 540 മി.മീ ലഭിച്ചു. കണ്ണൂർ, വയനാട് ഒഴിച്ചുള്ള എല്ലാ ജില്ലയിലും ജില്ലയിലും ഈ കാലയളവിൽ അധിക മഴ ലഭിച്ചു. പത്തനംതിട്ടയിലാണ് കൂടുതൽ (1035.8 മി.മീ). ഈ വർഷം ഇതുവരെ ഏറ്റവ?ും കൂടുതൽ മഴ ലഭിച്ചതും പത്തനംതിട്ടയിലാണ്(3005 മി.മീ).