കണ്ണൂർ: നിരോധിത മയക്കുമരുന്ന് ശേഖരവുമായി കണ്ണൂർ നഗരത്തിൽ പിടിയിലായത് ചില്ലറ വിൽപനയിലെ പ്രധാന കണ്ണികളെന്ന് പൊലീസ്. വ്യാഴാഴ്ച വൈകിട്ടോടെയാണ് കണ്ണൂർ നഗരത്തിലെ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 158 ഗ്രാം എം.ഡി.എം. എ 111.72 ഗ്രാം ഹാഷിഷ് ഓയിലുമായി സഹോദരങ്ങളും യുവതിയും ഉൾപ്പെടെ നാലു പേർ പിടിയിലായത്. ഇരു സംഭവങ്ങളിലും കണ്ണൂർ ടൗൺ പൊലിസ് എൻ.ഡി.പി.എസ് ആക്ടു പ്രകാരം കേസെടുത്തിട്ടുണ്ട്.

രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസെഫ് ടീം അംഗങ്ങളും കണ്ണൂർ ടൗൺ പൊലീസും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വിൽപന റാക്കറ്റിലെ പ്രധാന കണ്ണികൾ പിടിയിലായത്. ബലാർഡ് റോഡിലെ ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്ന ചിറക്കൽ ശങ്കരൻ കടയ്ക്കടുത്തെ അറഫമൻസിലിൽ യാസിർ (30) മരക്കാർ കണ്ടിയിലെ അപർണ (23) എന്നിവരിൽ നിന്നാണ് 1.40 ഗ്രാം എം.ഡി.എം. ആദ്യം പിടിച്ചെടുത്തത്.

ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുടർ പരിശോധനയിൽ തളാപ്പ് ജോൺ മില്ലിന് സമീപത്തെ മലബാർ ഹോട്ടലിന്റെ മുകൾ നിലയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും ചിറക്കൽ ശങ്കരൻ കടയ്ക്കടുത്തെ അറഫമൻസിലിലെ സി. റിസ്വാൻ (22) കണ്ണൂർ സിറ്റി മൈതാനപ്പള്ളിയിലെ തരക്കാരത്തിൽ പുതിയ പുരയിൽ ഹൗസിലെ ടി.പി ദിൽഷാദ് (33) എന്നിവരിൽ 156.61 ഗ്രാം എം ഡി എമ്മെയും 111.72 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഉൾപ്പെടെയുള്ള വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

ജോൺ മില്ലിന് സമീപത്തെ കെട്ടിടത്തിൽ നിന്നും നിരോധിത മയക്കുമരുന്നുകൾ ചില്ലറവിൽപ്പന നടത്തുവാനായി സൂക്ഷിക്കുന്നതെന്ന് കരുതുന്ന നിരവധി പാക്കറ്റുകളും ചെറിയ ബോട്ടിലുകളും കണ്ടെടുത്തിട്ടുണ്ട്. കണ്ണൂരിലെ ഹോട്ടലിൽ നിന്നും പിടിയിലായ യാസിറും തളാപ്പ് ജോൺ മില്ലിന് സമീപത്തെ കെട്ടിടത്തിൽ നിന്നും പിടിയിലായ റിസ്വാനും സഹോദരങ്ങളാണ്. ഇരുവരും മലബാർ ഹോട്ടലിന്റെ നടത്തിപ്പുകാരാണെന്ന് പൊലിസ് പറഞ്ഞു.

കഴിഞ്ഞ കുറെക്കാലമായി ഒഴിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ രാത്രി കാലങ്ങളിൽ നിരവധി പേർ വന്നു പോകുന്നതായി പ്രദേശവാസികൾ പൊലിസിനെ അറിയിച്ചിരുന്നു. ഈ വർഷം പിടികൂടിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരമാണ് പൊലിസ് തളാപ്പിൽ നിന്നും കണ്ടെത്തിയത്. കണ്ണൂർ ടൗൺ എസ്‌ഐമാരായ പി.പി ഷമീൽ, സവ്യസാചി എഎസ്ഐ അജയൻ മുഹമ്മദ് ഷിജി, മഹേഷ്, ഷംസുദ്ദീൻ, ഡാൻസാഫ് എസ്‌ഐ മഹാജൻ അംഗങ്ങളായ മുഹമ്മദ് നിഷാദ്, റജിൽ രാജ്, മഹേഷ്, ബിനു, രാഹുൽ അനൂപ്, പ്രബീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.