- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം ചോദിച്ച ദളിതനെ വായകൊണ്ട് ചെരിപ്പെടുപ്പിച്ചു; ബെൽറ്റ് കൊണ്ട് ക്രൂരമായി മർദ്ദിച്ചു; ടൈൽ കമ്പനിയുടെ വനിതയായ ഉടമയ്ക്കും ആറുപേർക്കും എതിരെ കേസ്
അഹമ്മദാബാദ്: ശമ്പളം ചോദിച്ച ദളിതനെ വായകൊണ്ട് ചെരിപ്പെടുപ്പിക്കുകയും ബെൽറ്റുകൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത വനിതാ സംരംഭകയ്ക്കതിരെ കേസ്. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. ടൈൽ കമ്പനിയുടെ വനിതയായ ഉടമയ്ക്കും ആറുപേർക്കും എതിരേയാണ് യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. വിഭൂതി പട്ടേലിന്റെ ഉടമസ്ഥതയിലുള്ള റാണിബാ ഇൻഡസ്ട്രീസിൽ സെയിൽസ് മാനേജരായിരുന്ന നിലേഷ് ഡൽസാനിയ(21)യാണ് പീഡനത്തിനിരയായത്.
പിരിച്ചുവിടപ്പെട്ടയാൾ ജോലിചെയ്തകാലത്തെ ശമ്പളം ചോദിച്ചതിനെ തുടർന്നാണ് സംഭവം. മാസം 12,000 രൂപ ശമ്പള പ്രകാരം കഴിഞ്ഞ ഒക്ടോബറിലാണ് ഡൽസാനിയ ജോലിയിൽ കയറിയത്. പ്രകടനം മോശമെന്ന് പറഞ്ഞ് 18-ന് പിരിച്ചുവിട്ടു. 16 ദിവസത്തെ ശമ്പളം ചോദിച്ചതാണ് അക്രമത്തിനുകാരണമെന്നാണ് പരാതി. ജോലിയിൽ നിന്നുംുപിരിച്ചു വിട്ടെങ്കിലും ശമ്പളം നൽകിയില്ല. ശമ്പളം ചോദിച്ച് വിളിച്ചെങ്കിലും കമ്പനി ഉടമ ഫോണിൽ സംസാരിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് സഹോദരനെയും സുഹൃത്തിനെയും കൂട്ടിയാണ് നിലേഷ് റാവപാർ ചോക്കഡിയിലെ കമ്പനി ഓഫീസിൽ ബുധനാഴ്ച എത്തിയത്.
ഇതറിഞ്ഞ് ക്രുദ്ധയായ വിഭൂതി പട്ടേൽ തന്റെ സഹോദരൻ ഓം പട്ടേൽ ഉൾപ്പെടെ ആറുപേരുടെ സഹായത്തോടെ ഇവരെ ടെറസിലേക്ക് പിടിച്ചുകൊണ്ടുപോയി മർദിച്ചു. ബെൽറ്റുകൊണ്ട് തല്ലി. നിലത്തിട്ട് ചവിട്ടി. വിഭൂതി തന്റെ ചെരിപ്പ് നിലേഷിന്റെ വായകൊണ്ട് കടിച്ചു പിടിപ്പിക്കുകയും ചെയ്തു. ഉടമയിൽനിന്ന് പണം തട്ടിയെടുക്കാൻ താൻ ശ്രമിച്ചെന്നും മാപ്പാക്കണമെന്നും ബലമായി ഒരു വീഡിയോയും ചിത്രീകരിച്ചു. മോർബി സിവിൽ ആശുപത്രിയിൽ ചികിത്സതേടിയശേഷം ഇദ്ദേഹം പൊലീസിൽ പരാതിനൽകി. പട്ടികജാതി പീഡനവിരുദ്ധ നിയമം ഉൾപ്പെടെ ചുമത്തിയാണ് മോർബി സിറ്റി എ ഡിവിഷൻ പൊലീസ് കേസെടുത്തത്.
ഗുജറാത്തിൽ പാഠൻ ജില്ലയിൽ നെദരോഡ ഗ്രാമത്തിലും ദളിത് പീഡനം സംബന്ധിച്ച പരാതിയുണ്ടായിട്ടുണ്ട്. ഠാക്കോർ വിഭാഗക്കാർ ഉപയോഗിക്കുന്ന ഒരു കട്ടിലിൽ ഇരുന്നതിന് ദളിതനായ അശ്വിൻ പർമാറി(20)നാണ് മർദനമേറ്റത്. ഭിന്നശേഷിക്കാരൻകൂടിയാണ് പർമാർ. നാലുപേർക്കെതിരേ സിദ്ധപുർ പൊലീസ് കേസെടുത്തു.



