- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുരനാരങ്ങാ വിറ്റ് സ്കൂൾ നിർമ്മിച്ച ഹജ്ജബ്ബയ്ക്ക് വിമാനത്തിൽ ആദരം; മംഗളൂരുവിൽ നിന്ന് ദമാമിലേക്ക് പോയ ഹജ്ജബ്ബയെ ആദരിച്ച് എയർ ഇന്ത്യ എക്സ്‌പ്രസിലെ ജീവനക്കാർ
മംഗളൂരു: മധുരനാരങ്ങ വിറ്റുകിട്ടുന്ന തുച്ഛവരുമാനംകൊണ്ട് നിർധന കുട്ടികൾക്കു വേണ്ടി സ്വന്തമായി വിദ്യാലയം പണിത ഹജ്ജബ്ബയ്ക്ക് വിമാനത്തിൽ ആദരം. മംഗളൂരുവിൽ നിന്ന് ദമാമിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തെ എയർ ഇന്ത്യ എക്സ്‌പ്രസിലെ ജീവനക്കാരാണ് തിരിച്ചറിഞ്ഞ് ആദരിച്ചത്.
വെള്ളമുണ്ടും വെള്ളഷർട്ടുമണിഞ്ഞ് സാധാരണക്കാരനായാണ് അദ്ദേഹം വിമാനത്തിൽ കയറിയത്. എന്നാൽ ഹജ്ജബ്ബയെ തിരിച്ചറിഞ്ഞ കാബിൻ ക്രൂ അദ്ദേഹത്തെ സ്വീകരിച്ച് ഇരുത്തി. കോക്പിറ്റിൽനിന്ന് ഫ്‌ളൈറ്റ് ക്യാപ്റ്റനെത്തി അദ്ദേഹത്തെ പരിചയപ്പെടുത്തി. യാത്രക്കാർ കരഘോഷം മുഴക്കി. പലരും ഹജ്ജബ്ബയ്‌ക്കൊപ്പം സെൽഫിയുമെടുത്തു.
മംഗളൂരുവിലെ റോഡരികിലും ബസ്സ്റ്റാൻഡിലും മധുരനാരങ്ങ വിറ്റുനടന്ന ഹരേക്കള ഹജ്ജബ്ബയോട് വർഷങ്ങൾക്കുമുൻപ് ഒരു വിദേശവനിത ഇംഗ്ലീഷിൽ നാരങ്ങയുടെ വില ചോദിച്ചതാണ് അദ്ദേഹത്തിന്റെ ചിന്തയെ മാറ്റിമറിച്ചത്. ആ ആംഗലേയചോദ്യത്തിന് മറുപടി പറയാൻ കഴിയാത്തതിന്റെ വിഷമം തന്റെ ഗ്രാമമായ ഹരേക്കളയിൽ ഒരു വിദ്യാലയം പണിത് ഹജ്ജബ്ബ തീർത്തു. തനിക്ക് അന്യമായ വിദ്യാഭ്യാസം തന്റെ നാട്ടിലെ കുട്ടികൾക്ക് ആ വിദ്യാലയം വഴി അദ്ദേഹം നൽകി.
ഹജ്ജബ്ബയുടെ ഈ മഹാമനസ്‌കതയ്ക്കുള്ള അംഗീകാരം പത്മശ്രീയായി അദ്ദേഹത്തെ തേടിയെത്തി. ഹിദായ ഫൗണ്ടേഷന്റെ ജുബൈൽ യൂണിറ്റ് സംഘടിപ്പിക്കുന്ന പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് ഹജ്ജബ്ബ ദമാമിലേക്ക് പോയത്.



