തൃക്കരിപ്പൂർ: കൂലേരി ഗവ. എൽ.പി. സ്‌കൂളിൽ കയറിയ കള്ളൻ ഭക്ഷണം പാകംചെയ്ത് കഴിച്ച് മടങ്ങി. ബുധനാഴ്ച രാത്രിയാണ് സംഭവം. ക്ലാസ് മുറിയുടെയും ഭക്ഷണപ്പുരയുടെയും പൂട്ട് തകർത്ത് അകത്ത് കടന്ന കള്ളൻ ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള വിലകൂടിയ സാധനങ്ങൾ അവിടെയുണ്ടായിരുന്നെങ്കിലും ഒന്നും എടുത്തില്ല.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ഞിവെക്കാനുള്ള അരിയെടുത്ത് മഞ്ഞൾപ്പൊടി ചേർത്ത് ഗ്യാസ് സ്റ്റൗവിൽ ചോറുണ്ടാക്കി കഴിച്ചു. പാത്രത്തിൽ ബാക്കിവന്ന ചോറും കളഞ്ഞില്ല. വ്യാഴാഴ്ച രാവിലെ പാചകത്തൊഴിലാളിയെത്തിയപ്പോഴാണ് കള്ളൻ കയറിയ വിവരമറിയുന്നത്. മോഷ്ടാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെ ഫ്രീസി ബൈറ്റ്‌സ് ഐസ്‌ക്രീം കടയിൽനിന്ന് ആയിരം രൂപയിലധികം കവർന്നു.

മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിട്ടുണ്ട്. മുഖം തുണികൊണ്ട് മറച്ച് പണം കവരുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വി.യിലുള്ളത്. ചന്തേര പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ സൈബർ വിദഗ്ദ്ധർ പരിശോധിച്ചുവരികയാണെന്ന് ചന്തേര പൊലീസ് അറിയിച്ചു.