തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും അവരുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും വിരമിച്ച ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രീമിയം തുകയിൽ ഇളവ് ചെയ്യണമെന്ന് ആവശ്യം.

നാടിന്റെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുൻ നിർത്തി ഇൻഷുറൻസ് തുകയിൽ ഇളവ് അനുവദിക്കാൻ സർക്കാരിന്റെ ഇടപെടലും പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷുറൻസിന് അതിനു വേണ്ട നിർദ്ദേശവും നൽകണമെന്നഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനെ നേരിൽക്കണ്ട് നിവേദനം നൽകി. സംഘത്തിന്റെ ഇൻഷുറൻസ് പദ്ധതിയെപ്പറ്റി ശ്രദ്ധാപൂർവം കേൾക്കുകയും അനുഭാവപൂർവം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെ വിഷയമായതിനാൽ ഇൻഷുറൻസ് കമ്പനിയോട് പ്രത്യേകം നിർദ്ദേശം നൽകാമെന്നും മന്ത്രി അറിയിച്ചെന്ന് പൊലീസ് സഹകരണ സംഘം പ്രസിഡന്റ് അറിയിച്ചു.

പ്രീമിയം തുകയുടെ 162 ശതമാനത്തിലധികം ക്ലെയിമുകൾ ഉണ്ടായ സാഹചര്യത്തിലാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയം തുക വർദ്ധിപ്പിക്കുവാൻ നിർബന്ധിതരായത്. പ്രീമിയമായി അടച്ചതുകയേക്കാൾ ഇരട്ടിയോളം തുകയാണ് അംഗങ്ങൾക്ക് ക്ലെയിമായി കഴിഞ്ഞ നാലു വർഷങ്ങളിലും നൽകിയത്. പൊലീസ് ഉദ്യോഗസ്ഥർക്കായി കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട പരിരക്ഷലഭ്യമാക്കുന്ന ഈ സവിശേഷ പദ്ധതിക്ക് സർക്കാരിന്റെ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അജിത്ത് അറിയിച്ചു.