പത്തനംതിട്ട: മലങ്കര മർത്തോമ സുറിയാനി സഭയിലെ മൂന്നു ബിഷപ്പുമാരുടെ സ്ഥാനാഭിഷേക ചടങ്ങ് ഡിസംബർ രണ്ടിന് തിരുവല്ല എസ് സി എസ് ക്യാമ്പസിൽ നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങൾക്കു തീരുമാനമായതായി കളക്ടർ എ. ഷിബു അറിയിച്ചു. ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്താനായി തിരുവല്ല മാർത്തോമ സഭ ആസ്ഥാനത്തു ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്തലിന്റെ പുറത്ത് മഫ്ത്തിയിലും പന്തലിലേക്കുള്ള പ്രവേശന കവാടത്തിലും പൊലീസിന്റെ സേവനം ഉണ്ടായിരിക്കും. സുരക്ഷ ഉറപ്പാക്കാനായി സമ്മേളനസ്ഥലത്തെ പന്തലിന്റെ ഘടന പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രോണിക് വിഭാഗം എന്നിവർ പരിശോധിച്ചു സർട്ടിഫൈ ചെയ്യും. തിരുവല്ല നഗരസഭ പാർക്കിങ് ക്രമീകരിക്കും. വാട്ടർ അഥോറിറ്റി പൈപ്പ് ലൈനിലൂടെ മുടങ്ങാതെ ജലവിതരണം നടത്തും. കെഎസ്ഈബി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പുവരുത്തും. കോഴഞ്ചേരി, ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നും സമ്മേളനഗരിയിൽ രാവിലെ എഴിനു ആളുകൾക്ക് എത്താൻ കഴിയുംവിധം കെഎസ്ആർടിസി ബസ് സർവീസ് ക്രമീകരിക്കും. ഫയർഫോഴ്സിന്റെ ഒരു യൂണിറ്റ് സമ്മേളനസ്ഥലത്ത് സജ്ജമാക്കും.

യോഗത്തിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎ, തോമസ് കെ തോമസ് എംഎൽഎ, ജില്ലാ പൊലീസ് മേധാവി വി അജിത്, തിരുവല്ല ഡിവൈഎസ്‌പി എസ് അർഷാദ്, തിരുവല്ല തഹസിൽദാർ പി എ സുനിൽ, ജില്ലാ ടിബി ഓഫീസർ ഡോ.നിരൺ ബാബു, ഫയർ ഓഫീസർ എം കെ ശംഭു നമ്പൂതിരി, അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എസ്. വിഷ്ണു, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എ. അബ്ദുൽ നിഷാർ, കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ നൈനാൻ സി മാത്യൂസ്, വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ആർ. രഞ്ജിത്ത് കൃഷ്ണൻ, സഭ സെക്രട്ടറി റവ. എബി ടി മാമ്മൻ, സഭ ഭാരവാഹികളായ റവ. സുബിൻ സാം മാമ്മൻ, റവ. അനി അലക്സ് കുര്യൻ, വർഗ്ഗീസ് ടി മങ്ങാട് എന്നിവർ പങ്കെടുത്തു.