പാലക്കാട്: തൃത്താല കുമരനെല്ലൂരിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരൻ നടന്നു പോയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് പ്രശ്‌നത്തിന് കാരണം. പ്രശ്നത്തിൽ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ കൂടി ഇടപെട്ടതോടെ പ്രതിസന്ധി രൂക്ഷമായി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരൻ നടന്നുപോയത് ചോദ്യംചെയ്തതിലുള്ള തർക്കമാണ് സ്‌കൂളിന് പുറത്ത് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സ്‌കൂളിലുണ്ടായ വാക്കുതർക്കം വൈകിട്ടോടെ സ്‌കൂളിന് പുറത്ത് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു. കൂട്ടത്തല്ലിനിടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. സമീപത്തെ കടയിൽനിന്ന് ബക്കറ്റ് എടുത്തും വിദ്യാർത്ഥികൾ അടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഒടുവിൽ തൃത്താല പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളായതിനാൽ സംഭവത്തിൽ ആർക്കെതിരേയും നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം, സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നൽകുമെന്നും പൊലീസ് അറിയിച്ചു.