- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ 25 സൗജന്യ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ; ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ
തിരുവനന്തപുരം: അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ (ജിഎഎഫ്-2023) ഭാഗമായി ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷന്റെ (എഎച്ച്എംഎ) നേതൃത്വത്തിൽ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ പ്രമുഖ ആയുർവേദ ആശുപത്രികളിലെ മുഖ്യ ചികിത്സകർ ഉൾപ്പെടെ 100 ആയുർവേദ ഡോക്ടർമാർ 25 വ്യത്യസ്ത സ്‌പെഷാലിറ്റി വിഭാഗങ്ങളിലായി മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കും. പൊതുജനങ്ങൾക്ക് ഈ സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ സൗജന്യ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
കായചികിത്സ, ജീവിതശൈലി രോഗങ്ങൾ, അസ്ഥി മർമ്മ ചികിത്സ, നേത്രരോഗ ചികിത്സ, വാതരോഗ ചികിത്സ, സ്‌പൈൻ ക്ലിനിക്, സ്ത്രീരോഗ ചികിത്സ, ബാലരോഗ ചികിത്സ, ആയുർവേദ ന്യൂറോ, ഇഎൻടി, പ്രസൂതി തന്ത്ര, ഡയബറ്റിക്, തൈറോയ്ഡ്, ഹൃദ്രോഗ ചികിത്സ, ചർമ്മരോഗ ചികിത്സ, വിഷചികിത്സ, ഇൻഫെർട്ടിലിറ്റി ക്ലിനിക്, ആനോറെക്ടൽ ക്ലിനിക്, കളരി മർമ്മ വിഭാഗം, ആയുർവേദ സ്പോർട്സ് മെഡിസിൻ, ഓട്ടിസം ക്ലിനിക്, മാനസികരോഗ ചികിത്സാ വിഭാഗം, നാഡീ പരീക്ഷ എന്നിവയ്ക്കുള്ള പ്രത്യേക സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ഉണ്ടാകും.
കൂടാതെ സൗജന്യ അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ്, സൗജന്യ പ്രമേഹ രോഗനിർണയം, സൗജന്യ നേത്ര പരിശോധന, സൗജന്യ നാഡിപരീക്ഷ (പൾസ് റീഡിങ്) എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് 15 ലക്ഷം രൂപയോളം വിലവരുന്ന ആയുർവേദ മരുന്നുകളും എഎച്ച്എംഎയുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സർക്കാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ ആയുർവേദ സംഘടനകൾ ചേർന്നാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 'ആരോഗ്യപരിപാലനത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികളും നവോർജ്ജത്തോടെ ആയുർവേദവും' എന്നതാണ് ജിഎഎഫിന്റെ പ്രമേയം.



