- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകൾ തിക്കി തിരക്കിയതോടെ കുട്ടികൾ തെറിച്ചു വീണു; ഒരാളുടെ മുകളിലേക്ക് മറ്റൊരാളായി കൂട്ടത്തോടെ വീണതോടെ ശ്വാസമെടുക്കാനാവാതെ വെപ്രാളപ്പെട്ടും കണ്ണു മിഴിച്ചും വിദ്യാർത്ഥികൾ: ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിൽ ആദർശ്
കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിലെ ടെക് ഫെസ്റ്റിനിടെ ആളുകൾ അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കിയതാണ് വൻ അപകടത്തിന് കാരണമായത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുന്നേ തന്നെ ഒരാളുടെ മേൽ മറ്റൊരാളായി വീണും അവരുടെ മുകളിലൂടെ ഉന്തിയും തള്ളിയും വീണും വൻ അപകടമായി മാറുകയായിരുന്നു.
'എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ഞാൻ ഏറ്റവും മുന്നിലായിരുന്നു. പുറകിൽനിന്ന് ആക്രോശങ്ങൾ കേട്ടു തിരിഞ്ഞു നോക്കിയതും എന്റെ മേൽ ആളുകൾ വന്നു വീഴാൻ തുടങ്ങി. പിന്നെ ആകെ നിലവിളികൾ ആയിരുന്നു' ഓർക്കുമ്പോൾ ആദർശിന് ഇപ്പോഴും ഞെട്ടൽ. ഏറ്റവും അടിയിൽ കുടുങ്ങിപ്പോയെങ്കിലും തലനാരിഴയ്ക്കു ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് കുസാറ്റ് എൻജിനീയറിങ് ഐടി വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥിയായ ആദർശ് രഘു. എങ്കിലും ഒപ്പം വീണുകിടന്ന കുട്ടികളുടെ നിലവിളി വിറയലായി ചെവിയിലുണ്ട്. സംഭവം ഓർത്തെടുക്കുമ്പോൾ വാക്കുകൾ ഇടറുന്നു.
'7 മണിക്കാണ് നികിത ഗാന്ധിയുടെ പരിപാടി തുടങ്ങാൻ ഇരുന്നത്. ഓപ്പൺ എയർ വേദിയിലേക്ക് കുത്തനെ താഴേക്കാണ് പടിക്കെട്ടുകൾ. 6.15 ആയപ്പോഴേക്കും പരിപാടിക്ക് ആളെ കയറ്റി തുടങ്ങി. സെലിബ്രിറ്റി ഗായികയുടെ പരിപാടി ആയതിനാൽ മറ്റു കോളജുകളിലെ കുട്ടികളും മറ്റും കാണാൻ എത്തിയിരുന്നു. സംഘാടകരായ എൻജിനീയറിങ് വിഭാഗം വിദ്യാർത്ഥികൾക്കായിരുന്നു പ്രവേശനത്തിന് മുൻഗണന. അങ്ങനെ ഞങ്ങൾ ആദ്യം കയറിത്തുടങ്ങി. ഏതാനും മിനിറ്റ് കഴിഞ്ഞപ്പോൾ പുറകിൽ നിന്ന് കയറ്റിവിടെടാ എന്നൊക്കെയുള്ള ആക്രോശം കേട്ടു. മഴയുടേതായ ശബ്ദം ഒന്നും കേട്ടില്ല. പെട്ടെന്ന് മുന്നിൽ കയറിക്കൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് ആളുകൾ വന്നു വീഴാൻ തുടങ്ങി. പടിക്കെട്ടിന് ഇരുവശത്തേക്കും മുന്നിലേക്കും കുട്ടികൾ തെറിച്ചു വീണു. ഞാൻ ഇടതു വശത്തുള്ള താഴ്ചയിലേക്കാണ് വീണത്. മുകളിലേക്ക് പിന്നെയും കുട്ടികൾ വീണുകൊണ്ടിരുന്നു. എന്റെ രണ്ടു കാലും അതിനിടയിൽ കുടുങ്ങി. പക്ഷെ, തല പുറത്തായതു ഭാഗ്യമായി. എന്നാൽ തൊട്ടടുത്തുതന്നെ വീണു കിടന്ന പലരുടെയും മുഖത്തേക്കും നെഞ്ചിലേക്കും മറ്റുള്ളവർ കൂടി വന്നു വീണതോടെ അവർ ശ്വാസം കിട്ടാതെ ഞെരിപിരി കൊള്ളാൻ തുടങ്ങി. കണ്ണ് തുറിച്ച് അവർ വെപ്രാളപ്പെടുന്നത് കണ്ടതോടെ ആകെ പേടിച്ചുപോയി. അതിനിടെ രക്ഷിക്കാൻ ആരൊക്കെയോ എത്തി. കുടുങ്ങി കിടന്ന കാലുകൾ വലിച്ചെടുത്തപ്പോൾ ചതവു പറ്റിയതൊഴിച്ചാൽ എനിക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല' ആദർശ് പറഞ്ഞു.



