- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിടവാങ്ങിയത് ചവിട്ടു നാടക വേദിയിലെ രാജകുമാരി; നാടിന്റെ തേങ്ങലായി ആൻ റിഫ്ത
പറവൂർ: നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു ആൻ റിഫ്ത. ചവിട്ടുനാടക വേദിയിലെ രാജകുമാരിയായിരുന്നു ആൻ. കുസാറ്റിലുണ്ടായ അപകടത്തിൽ ആൻ റിഫ്ത മരിച്ച വാർത്തയറിഞ്ഞ് തേങ്ങുകയാണ് നാടും വീടും. പിതാവ് റോയ് ജോർജ്കുട്ടിയുടെ ചവിട്ടു നാടകങ്ങളിൽ രാജകുമാരിയായിട്ടായിരുന്നു ആൻ വേഷമിട്ടിരുന്നത്. ചവിട്ടുനാടകക്കളരിയിലെ ആശാനായ റോയ് ജോർജ്കുട്ടിയുടെ കൈപിടിച്ചാണ് ആൻ റിഫ്ത വേദിയിലെത്താറുള്ളത്.
റോയ് സംവിധാനം ചെയ്ത ഒട്ടേറെ നാടകങ്ങളിൽ ആൻ ഭാഗമായി. ജൊവാൻ ഓഫ് ആർക്ക്, കാറൽസ്മാൻ, വിശുദ്ധ ഗീവർഗീസ്, സെന്റ് സെബാസ്റ്റ്യൻ തുടങ്ങി അനേകം നാടകങ്ങളിൽ അഭിനയിച്ചു. കുട്ടിക്കാലത്തു തന്നെ വേദിയിലെത്തിയ ആൻ റിഫ്ത നായിക കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. രാജകുമാരിയുടെ വേഷമാണ് ആൻ റിഫ്ത പ്രധാനമായി ചെയ്തിരുന്നത്.
ആൻ റിഫ്തയുടെ മാതാവ് സിന്ധു ഇറ്റലിയിലാണ്. കോളജിലെ പരിപാടിയെക്കുറിച്ചെല്ലാം മകൾ വീട്ടിൽ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, നിനച്ചിരിക്കാതെ ദുരന്ത വാർത്തയെത്തിയതോടെ എല്ലാവരും തകർന്നുപോയി. സഹോദരൻ റിഥുലാണ് കൂട്ടുകാർക്കൊപ്പം ആശുപത്രിയുടെ പടവുകളോടിക്കയറിയെത്തിയത്. ആ വാർത്ത ശരിയാകരുതേ എന്ന പ്രാർത്ഥനയോടെ വന്ന റിഥുൽ അവിടെ തളർന്നിരുന്നു. സഹോദരൻ റിഥുലും ചവിട്ടുനാടങ്ങളിൽ സജീവമാണ്.
കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടക കലാസമിതിയുടെ ആശാനായിരുന്നു റോയ് ജോർജുകുട്ടി. റോയിയുടെ വീട്ടുമുറ്റത്താണു ചവിട്ടുനാടകങ്ങളുടെ പരിശീലനം നടന്നിരുന്നത്.



