കണ്ണൂർ: വ്യാജ പോക്സോ കേസിൽ കുടുക്കി കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത സ്‌കൂൾ മാനേജരുടെ നടപടി അസാധുവാക്കി കൊണ്ടു അദ്ധ്യാപകനെ തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടു. കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂളിലെ എച്ച്. എസ്.ടി സോഷ്യൽ സ്റ്റഡീസ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പി.ജി സുധിയെയാണ് 2022 നവംബർ ഒന്നിന് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

സംഭവത്തെ കുറിച്ചു വിദ്യാഭ്യാസ വകുപ്പും എടക്കാട് പൊലിസ് അന്വേഷണം നടത്തിയിരുന്നു. എടക്കാട് സി. ഐയും കോടതി നിർദ്ദേശപ്രകാരം അഡീഷനൽ പൊലിസ് കമ്മിഷണറും നടത്തിയ അന്വേഷണത്തിൽ പോക്സോ കേസിനാധാരമായ പരാതി വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. അദ്ധ്യാപകനെതിരെയുള്ള കേസ് ഗൂഢാലോചനയെ തുടർന്നുണ്ടായതാണ് തെളിഞ്ഞതിനാൽ 9203/2022 നമ്പറിൽ 31/03/2023ൽ പുറപ്പെടുവിപ്പിച്ച ഉത്തരവ് പ്രകാരം പി.ജി സുധിയെ സർവ്വീസിൽ തിരിച്ചെടുക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് നൽകിയിരുന്നു.

എന്നാൽ ഈ ഉത്തരവ് ചോദ്യം ചെയ്ത് സ്‌കൂൾ മാനേജർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരംസർക്കാരിൽ നൽകിയ അപ്പീലിനെ അടിസ്ഥാനമാക്കി ഹിയറിങ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ റദ്ദ് ചെയ്ത് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവ് ശരിവെച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.

ഇതുപ്രകാരം ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മാനേജർ സർക്കാർ മുമ്പാകെ സമർപ്പിച്ച റിവിഷൻ ഹർജി തീർപ്പാക്കിയും ഹൈക്കോടതിയുടെ വിധിന്യായം നടപ്പിലാക്കിയുമാണ് സർക്കാർ ഉത്തരവിറക്കിയത്. പി.ജി സുധിക്കെതിരെ വ്യാജപരാതി ഉന്നയിച്ചവർക്കെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർതലത്തിൽ അന്വേഷണം നടത്തിനടപടി സ്വീകരിക്കേണ്ടതാണെന്നും സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.

അദ്ധ്യാപകനെതിരെ ഉന്നയിക്കപ്പെട്ട വ്യാജ പോക്സോപരാതിയിൽ വിശദമായ അന്വേഷണം നടത്തിയ എടക്കാട് സി. ഐ പരാതി ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് കണ്ടെത്തുകയും ഗൂഢാലോചനയിൽ പങ്കെടുത്ത കുട്ടിയുടെ മാതാവ് , സ്‌കൂൾ ഹെഡ്‌മാസ്റ്റർ സുധാകരൻ മഠത്തിൽ, സ്‌കൂളിലെ ഫിസിക്കൽ എജുക്കേഷൻ അദ്ധ്യാപകനായ പി.എംസജി., പി.ടി.എ ഭാരവാഹി രഞ്ചിത്ത്. കെ എന്നിവർക്കെതിരെ ഐ.പി.സി 211,34 കേരള പൊലീസ് ആക്റ്റ് 117 ഡി എന്നീ വകുപ്പുകൾ പ്രകാരം സ്വമേധയാ കേസെടുത്തിട്ടുണ്ട്.

എന്നാൽ ക്രിമിനൽ ഗൂഢാലോചന കേസിൽ പ്രതികളായ സ്‌കൂൾ ഹെഡ്‌മാസ്റ്റർ എം.സുധാകരൻ കായികദ്ധ്യാപകൻ പി.എം.സജി, എന്നിവർ യാതൊരു പ്രയാസവുമില്ലാതെ സർവ്വീസിൽ തുടരുകയും യാതൊരു തെറ്റും ചെയ്യാത്ത അദ്ധ്യാപകൻ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയും ചെയ്യുന്നത് അന്യായമായ നടപടിയും നീതി നിഷേധവുമാണെന്ന ആരോപണം അദ്ധ്യാപക സംഘടനകൾ ഉന്നയിക്കുന്നുണ്ട്. സ്‌കൂൾ മാനേജർ മുരളീധരനെ സഹായിക്കുകയെന്ന ദുരുദ്ദേശ്യത്തോടെ ഒരുഅദ്ധ്യാപകനെ പോക്സോപോലുള്ള ഗൗരവമായ കേസിൽ പ്രതിയാക്കാൻ വേണ്ടി ഗൂഢാലോചന നടത്തിയത്സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യസംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

വൈര്യനിര്യാതനബുദ്ധിയോടെ അദ്ധ്യാപകനെ വേട്ടയാടുന്നതിനെതിരെ നേരത്തെ വിവിധ അദ്ധ്യാപക സംഘടനകൾ രംഗത്തുവന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചു കൊണ്ടാണ് സ്‌കൂൾ മാനേജർ നിയമനടപടിയുമായി മുൻപോട്ടു പോയത്. സ്‌കൂൾ വിദ്യാർത്ഥിനികൾ കായികപരിശീലനത്തിനിടെ വസ്ത്രം മാറ്റുന്ന മുറിക്ക് പുറത്ത് സംശയാസ്പദമായ സാഹചര്യത്തിൽ അദ്ധ്യാപകനെ കണ്ടുവെന്നായിരുന്നു ആരോപണം. എന്നാൽ ഇതു കെട്ടിച്ചമച്ചതാണെന്നു പിന്നീട് തെളിയുകയുണ്ടായിരുന്നു.