കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ നടത്തുന്ന സാഹിത്യോത്സവം പാർട്ടി പരിപാടിയാക്കി മാറ്റിയെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ ആരോപിച്ചു. സിപിഎം സഹയാത്രികരായ എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും അദ്ധ്യാപകരെയുമാണ് ഭൂരിഭാഗം പരിപാടികളിലും പങ്കെടുപ്പിക്കുന്നത്.

കണ്ണൂരിന്റെ വികസനത്തെ കുറിച്ചുള്ള ചർച്ചയിൽ സിപിഎം.ജനപ്രതിനിധികളെയാണ് വിളിച്ചത്. കണ്ണൂരിന്റെ എംപി ക്കോ മേയർക്കോ ക്ഷണമില്ല. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പി.കെ.ശ്രീമതി, എം.സ്വരാജ്, പി.ജയരാജൻ, കെ.ടി.കുഞ്ഞിക്കണ്ണൻ, വി.പി.പി.മുസ്തഫ, മുന്മന്ത്രി സി.രവീന്ദ്രനാഥ്, എം വിജയരാജൻ, ജെയ്ക് സി.തോമസ് തുടങ്ങിയ സിപിഎം. നേതാക്കളുടെ നിര കണ്ടാൽ തന്നെ പരിപാടിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാം.

കണ്ണിൽ പൊടിയിടാനായി മാത്രമാണ് ചുരുക്കം മറ്റു ചിലരെ വിളിച്ചത്.കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ.ക്കുണ്ടായ തിരിച്ചടിയിൽ നിന്ന് കരയകയറുന്നതിനുള്ള പ്രകടനങ്ങളുടെ ഭാഗമാണിതെന്നും കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സർവ്വകലാശാല പരിപാടികൾ പൊതു പരിപാടികൾ ആണെന്നിരിക്കെ സംഘാടക സമിതി രൂപീകരണത്തിന് പോലും പ്രതിപക്ഷ വിദ്യാർത്ഥി സംഘടന പ്രതിനിധികളെ ക്ഷണിക്കാതിരുന്നത് നവകേരള സദസ്സ് എന്ന പേരിൽ സിപിഎം പരിപാടി നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മാതൃക പിന്തുടരുന്നതിന്റെ ഭാഗമാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ ആരോപിച്ചു.

യൂണിവേഴ്സിറ്റി ഫണ്ട് ഉപയോഗിച്ച് പാർട്ടി പരിപാടി നടത്തുന്ന യൂണിയൻ ഭാരവാഹികൾക്കും പാർട്ടി ഭാരവാഹികൾക്കും ഒത്താശ ചെയ്യുന്ന സമീപനമാണ് സർവ്വകലാശാല അധികൃതർ നടത്തുന്നതെന്നും അതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും കെ എസ് യു പ്രസ്താവനയിലൂടെ അറിയിച്ചു.