അഹമ്മദാബാദ്: ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഞായറാഴ്ച മുതൽ തുടരുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

പ്രാദേശിക ഭരണകൂടം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും പരിക്കേറ്റവർ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ 252 താലൂക്കുകളിൽ 234 ഇടങ്ങളിലും ശക്തമായ മഴയായിരുന്നുവെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. സൂറത്ത്, സുരേന്ദ്രനഗർ, ഖേദ, തപി, ബഹാറുച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്തതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.