തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി വീണ്ടും കപ്പൽ എത്തി. ചൈനയിൽ നിന്നെത്തിയ ഷെൻഹുവ 24 കപ്പലാണ് വിഴിഞ്ഞത്ത് എത്തിയത്. ഇത് മൂന്നാമത്തെ തവണയാണ് ക്രെയിനുകൾ വിഴിഞ്ഞത്ത് എത്തിക്കുന്നത്. ആറു ക്രെയിനുകളാണ് ഈ കപ്പിലുള്ളത്. ഇതെല്ലാം വിഴിഞ്ഞത്തേക്കുള്ളതാണ്.

ഒക്ടോബർ 12-നാണ് ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത്. ആദ്യകപ്പൽ എത്തിയത് സംസ്ഥാന സർക്കാർ ആഘോഷമാക്കിയിരുന്നു. ഇതിൽ രണ്ട് യാർഡ് ക്രെയിനുകളും ഒരു ഷിഫ്റ്റ് ഷോർ ക്രെയിനുമാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇതിന് ശേഷം നവംബർ ഒമ്പതിന് രണ്ടാമത്തെ കപ്പലെത്തി. ഇതിൽ ഒരു ഷിഫ്റ്റ് ടു ഷോർ ക്രെയിനും മൂന്ന് യാർഡ് ക്രെയിനുകളുമാണ് ഉണ്ടായിരുന്നത്.

മൂന്നാമത്തെ കപ്പലിൽ ആറ് യാർഡ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കാനായി ഉള്ളത്. ഇസഡ്.പി.എം.സി. എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്‌സ് ക്രെയിനുകൾ വാങ്ങുന്നത്. നാലാമത്തെ കപ്പൽ ഷെൻഹുവ-15 രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമായി ഡിസംബർ 15ന് എത്തും. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പ്രവർത്തന സജ്ജമാകാൻ ആകെ 22 യാർഡ് ക്രെയിനുകളും എഴ് ഷിഫ്റ്റു ടു ഷോർ ക്രെയിനുകളും വേണം. ആറുമാസത്തിനുള്ളിൽ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യാനാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം.