കണ്ണൂർ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി ദേശീയ അംഗീകാരം. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യപതിനഞ്ചിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും ഇടം പിടിച്ചു. എയർ പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ട ഒക്ടോബറിലെ കണക്ക് പ്രകാരമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം ആദ്യ പതിനഞ്ചിൽ ഇടം നേടിയത്.

61,517 പേരാണ് ഒക്ടോബറിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. 899 എയർ ക്രാഫ്റ്റ് മൂവ്മെന്റാണ് രേഖപ്പെടുത്തിയത്. വിന്റർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസ് തുടങ്ങിയത് കണ്ണൂർ വിമാനത്താവളത്തിന് ഗുണം ചെയ്യും. യാത്രക്കാരുടെ എണ്ണം കൂടും. കോവിഡിന് ശേഷം ഓരോ വർഷവും യാത്രക്കാരുടെ എണ്ണത്തിൽ കൃത്യമായ വർധന കണ്ണൂർ വിമാനത്താവളത്തിൽ ഉണ്ട്. 2019 ഒക്ടോബറിൽ 1,36,279 പേരാണ് കണ്ണൂർ വിമാനത്താവളം ഉപയോഗിച്ചത്.

2020 ഒക്ടോബറിൽ കോവിഡ് സമയത്ത് 43,532, 2021 ഒക്ടോബറിൽ 80,798 ഉം, 2022 ഒക്ടോബറിൽ 90,494 ഉം പേരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഒക്ടോബറിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി 5, കോഴിക്കോട് 8, തിരുവനന്തപുരം 9 എന്നിങ്ങനെ സ്ഥാനം നേടി. നവാഗത വിമാനത്താവളമായ കണ്ണൂരിന്റെ വികസനത്തിന് മാർഗതടസമായി നിൽക്കുന്നത് വിദേശസർവീസുകൾക്ക് അനുമതി കേന്ദ്രവ്യോമയാനമന്ത്രാലയം നിഷേധിച്ചതാണ്. ഇതുകാരണം യാത്രക്കാരുടെ എണ്ണത്തിലും സർവീസിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.