തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൊലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സംഭവം അറിഞ്ഞതുമുതൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കുട്ടിയുടെ വീട്ടിലേക്ക് വന്ന ഫോൺ കോൾ കേന്ദ്രീകരിച്ച് കുഞ്ഞിനെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓയൂർ സ്വദേശി റെജിയുടെ മകൾ അബികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം. ട്യൂഷന് പോകുമ്പോൾ കാറിലെത്തിയ സംഘം അഭിഗേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ പറയുന്നത്. കാറ്റാടിമുക്കിൽവെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥൻ പറയുന്നു.

അതിനിടെ, മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ അജ്ഞാത സ്ത്രീ ഫോണിൽ ബന്ധപ്പെട്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ വിട്ടുനൽകാൻ അഞ്ചുലക്ഷം രൂപ നൽകണമെന്നാണ് ഫോണിൽ ബന്ധപ്പെട്ട സ്ത്രീ ആവശ്യപ്പെട്ടത് എന്നാണ് വിവരം. കുട്ടി സുരക്ഷിതയാണെന്നും ഫോൺ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയെ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പർ വ്യാജമാണെന്നും പൊലീസ് കണ്ടെത്തി.

അതേസമയം, കുട്ടിയെ കാണാതായിട്ട് 6 മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കൊല്ലം സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചതായാണ് വിവരം. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു.

കുട്ടിക്കായി സംസ്ഥാന വ്യാപകമായി തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.കേരള തമിഴ് നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറൽ എസ്‌പിയും ചേർന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യൻകാവ് ചെക്ക്‌പോസ്റ്റിലും, കോട്ടയം ജില്ലാ അതിർത്തിയായ ളായിക്കാട് എം സി റോഡിലും, വർക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിർത്തിയിലും ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.

വിവരം കിട്ടിയാൽ അറിയിക്കുക
9946923282, 9495578999