തിരുവനന്തപുരം: കണ്ണൂരിലെ ക്ഷീര കർഷകന്റെ ആത്മഹത്യയിൽ പ്രതികരിച്ച് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്ഷീര കർഷകർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സഹായം കേരളത്തിൽ വിതരണം ചെയ്യുന്നില്ലെന്നും സംസ്ഥാന സർക്കാർ അത് വകമാറ്റി ചിലവഴിക്കുകയാണ്. കേരളത്തിൽ നടക്കുന്നത് നവകേരള നുണ സദസ്സാണെന്നും അദ്ദേഹം പറഞ്ഞു.

'വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നത്. കർഷന്റെ ആത്മഹത്യയിൽ പൂർണ ഉത്തരവാദി പിണറായി സർക്കാരാണ്. നവകേരള സദസ് കണ്ണൂരിൽ പൂർത്തിയാക്കി രണ്ട് ദിവസം കഴിയുന്നതിന് മുമ്പാണ് ഇത് സംഭവിച്ചിരിക്കുന്നത്. നവകേരള നുണ സദസ്സാണ് സിപിഎം നടത്തുന്നത്. നവകേരള സദസ് എന്ന പേര് മാറ്റി നവകേരള നുണ സദസ് എന്നാക്കി മാറ്റണം.

കേന്ദ്രത്തിൽ നിന്നും നയാ പൈസ പോലും കുടിശ്ശിക കൊടുക്കാനില്ല. എല്ലാ നികുതി വിഹിതവും കേന്ദ്രം കൊടുത്തുകഴിഞ്ഞു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളത്'.

കേന്ദ്രം അവഗണിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഏത് കാര്യത്തിലാണ് അങ്ങനെ അവഗണിക്കുന്നതെന്ന് അവർ തന്നെ വ്യക്തമാക്കണം. ഏത് കുടിശ്ശികയാണ് കിട്ടാനുള്ളത്. വിഹിതം കിട്ടാൻ സമ്മർദ്ദം ചെലുത്തി എന്ന് പറയുന്നത് പച്ചക്കള്ളം. കണക്കും അപേക്ഷയും പദ്ധതിയും സമർപ്പിക്കണം. കേന്ദ്ര പദ്ധതികൾക്ക് അമ്മായിയപ്പന്റെയും മരുമകന്റെയും പടം വയ്ക്കുകയാണ് സംസ്ഥാന സർക്കാർ. അവരുടെ നുണ പ്രചരണം അവസാനിപ്പിക്കണം' സുരേന്ദ്രൻ പറഞ്ഞു.