തിരുവനന്തപുരം: ഏഴ് വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയെ കോടതി 40 വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. 20,000 രൂപ പിഴയൊടുക്കണമെന്നും ഇല്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. കുട്ടിക്കു ലീഗൽ സർവീസസ് അഥോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും അതിവേഗ സ്‌പെഷൽ കോടതി ഉത്തരവിട്ടു.

ഒന്നാം പ്രതിയായ കാമുകൻ കേസിന്റെ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. 2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയാണു പീഡനം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ഭർത്താവിനെ ഉപേക്ഷിച്ച പ്രതി മകൾക്കൊപ്പം കാമുകന്റെ കൂടെയാണു താമസിച്ചിരുന്നത്. ഇക്കാലത്ത് കാമുകൻ കുട്ടിയെ പല തവണ പീഡിപ്പിച്ചു. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, ആർ.വൈ.അഖിലേഷ് എന്നിവർ കേസിൽ ഹാജരായി.