കണ്ണൂർ: അഞ്ച് മണിക്കൂർ ബസിൽ തളർന്നുകിടന്ന 74-കാരനെ ആശുപത്രിയിലെത്തിക്കാതെ ബസിന്റെ മത്സരയോട്ടം. ഒടുവിൽ രാത്രി ഏറെ വൈകി വീട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വയോധികന്റെ വലതു ഭാഗം തളർന്നു പോയി. സംഭവത്തിൽ 74കാരന്റെ കുടുംബം ബസ് ജീവനക്കാർക്കെതിരെ പരാതി നൽകി. പക്ഷാഘാതത്തെത്തുടർന്ന് ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരുഭാഗം തളർന്നു പോയി. ബക്കളം റാംനിവാസിൽ എം.ശ്രീധരനാണ് ദുരനുഭവമുണ്ടായത്.

മദ്യപിച്ച് അവശനിലയിലാണെന്ന തെറ്റിദ്ധാരണയും സമയത്ത് ഓടിയെത്താനുള്ള തിരക്കും കാരണം ബസ് ജീവനക്കാർ അവശനിലയിലുള്ള യാത്രക്കാരനെ അവഗണിക്കുകയായിരുന്നു. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-നാണ് ചെറുകിട ബസുടമകളുടെ കളക്ഷൻ ഏജന്റ് ശ്രീധരൻ ജോലിക്കായി ധർമശാലയിൽനിന്ന് കണ്ണൂരിലേക്ക് കെ.എൽ. 13 എ.ക്യു. 2796 നമ്പർ വൈറ്റ് റോസ് ബസിൽ കയറിയത്. ബസ് കണ്ണൂർ ബസ്സ്റ്റാൻഡിലെത്തിയപ്പോൾ അവശനിലയിലായ അദ്ദേഹത്തിന് ഇറങ്ങാൻ സാധിച്ചില്ല.

കണ്ണൂർ-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസിന് തുടർയാത്രയ്ക്ക് സമയമായതിനാൽ ഉടൻതന്നെ സ്റ്റാൻഡിൽനിന്ന് യാത്രതിരിച്ചു. പുതിയതെരുവിലെത്തിയപ്പോഴാണ് ഏഴാമത്തെ സീറ്റിൽ തളർന്നിരിക്കുന്നയാളെ കണ്ടക്ടർ ശ്രദ്ധിക്കുന്നത്. കണ്ണൂരിൽ ഇറങ്ങിയില്ലേയെന്ന കണ്ടക്ടറുടെ ചോദ്യത്തിന് അവശനിലയിലായ ശ്രീധരൻ ഇറങ്ങാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞു. തളർന്നുകിടന്നതിനാൽ നാക്ക് കുഴഞ്ഞിരുന്നു. മദ്യപിച്ചാണ് നാക്ക് കുഴഞ്ഞതെന്ന് തെറ്റിദ്ധരിച്ച കണ്ടക്ടർ കാഞ്ഞങ്ങാട്ടേക്ക് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. പ്രതികരിക്കാനാകാതെ അദ്ദേഹം വീണ്ടും തളർന്നുകിടന്നു. ബസ് കാഞ്ഞങ്ങാട്ടെത്തി തിരിച്ച് വീണ്ടും രാത്രി എട്ടോടെ കണ്ണൂർ ബസ്സ്റ്റാൻഡിലെത്തി.

ഇതിനിടെ, ജീവനക്കാരൻ മദ്യപിച്ച് കുഴഞ്ഞ് കിടക്കുന്നുണ്ടെന്നും ബസ് സ്റ്റാൻഡിൽ കസേരയിലിരുത്തിയിട്ടുണ്ടെന്നും കണ്ടക്ടർ ചെറുകിട ബസ് ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി പുഷ്പയെ മൊബൈൽ ഫോണിൽ വിളിച്ചറിയിച്ചു. ബസ്സ്റ്റാൻഡിൽ കസേരയിൽ കുഴഞ്ഞിരിക്കുന്നത് കണ്ട് പന്തികേട് തോന്നിയ യാത്രക്കാർ ശ്രീധരന്റെ മൊബൈൽഫോണിൽനിന്ന് മകനെ വിളിച്ചുവരുത്തി. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിക്കുന്‌പോഴേക്കും വലതുഭാഗം തളർന്നിരുന്നു.

മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി
മനുഷ്യത്വമില്ലാത്ത പ്രവൃത്തിയാണ് ബസ് ജീവനക്കാർ ചെയ്തത്. മനുഷ്യാവകാശ കമ്മിഷനും ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും പരാതി നൽകി. സ്റ്റാൻഡിലെത്തിയപ്പോഴെങ്കിലും ബന്ധപ്പെട്ടവരെ വിവരമറിയിക്കാൻ ബസ് ജീവനക്കാർ തയ്യാറാകേണ്ടതായിരുന്നു.