തിരുവനന്തപുരം: നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങൾ സുരക്ഷിതരോ? കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ നാട്ടിൽ ഏറി വരികയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളിൽ കുറവുണ്ടെങ്കിലും മാതാപിതാക്കളുടെയും നിയമ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് നിരവധി കുട്ടികളെ തട്ടിയെടുക്കുന്നു.

സംസ്ഥാനത്ത് ഈ വർഷം സെപ്റ്റംബർ വരെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെയാണ്. കാണാതാകുന്ന കുട്ടികളിൽ ഭൂരിഭാഗം പേരെയും വൈകാതെ കണ്ടെത്തുന്നു എന്ന ആശ്വാസമുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ല. പത്തു വയസ്സിൽ താഴെയുള്ള കുട്ടികളാണ് തട്ടി എടുക്കുന്നവരിൽ ഭൂരിഭാഗവും. അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് 2019 ൽ ആണ്. 280 കുഞ്ഞുങ്ങളെയാണ് അജ്ഞാത സംഘങ്ങൾ തട്ടിയെടുത്തത്. പലരേ കുറിച്ചും ഇനിയും ഒരു അറിവും ഇല്ല.

കഴിഞ്ഞ വർഷം 269 പേരെയും 2021 ൽ 257 പേരെയും തട്ടിക്കൊണ്ടു പോയെന്നു പൊലീസ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കാണാതായ കുട്ടികളിൽ ആറു പേരുടെ കേസിൽ നടപടി അവസാനിപ്പിക്കാൻ അനുമതി തേടി പൊലീസ് കോടതികൾക്കു റിപ്പോർട്ട് നൽകി. മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളുടെ കുട്ടികളുടെ കേസുകളിലാണ് ഈ റിപ്പോർട്ട് നൽകിയതെന്നാണു വിശദീകരണം. 2018 മുതൽ 2023 മാർച്ച് ഒമ്പതു വരെയുള്ള കണക്കനുസരിച്ച്, കാണാതായവരിൽ 60 കുട്ടികളെ കണ്ടെത്താനുണ്ട്. ഇതിൽ 42 ആൺകുട്ടികളും 18 പെൺകുട്ടികളുമാണ്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 2019 21 ൽ കേരളത്തിൽ നിന്നു മാത്രം 580 കുട്ടികളെ കാണാതായെന്നു കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. ഇക്കാലയളവിൽ 527 കുട്ടികളെയാണ് മനുഷ്യക്കടത്തുകാരിൽ നിന്നു മോചിപ്പിച്ചത്.