കൊച്ചി: കോട്ടയത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനെതിരെ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ 29 അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസെടുത്തു. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി. കെ. ജയിംസ് എന്നിവരുൾപ്പെടെ 29 പേർക്കെതിരെയാണ് കേസ്.

കേസിന്റെ പകർപ്പ് കോടതിയലക്ഷ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പിനു നൽകാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി. കേസ് 30നു വീണ്ടും പരിഗണിക്കും. മജിസ്‌ട്രേട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെയും മുദ്രാവാക്യം വിളിയുടെയും ദൃശ്യങ്ങളും മജിസ്‌ട്രേട്ട് നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

അഭിഭാഷകർക്കെതിരെയുള്ള ആരോപണം ഗൗരവമുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കേരള ബാർ കൗൺസിൽ നേരത്തേ സമിതിയെ നിയോഗിച്ചിരുന്നു.