കാട്ടാക്കട: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതിയുടെ ഏഴുമാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. കുഞ്ഞിന്റെ അച്ഛൻ നൽകിയ പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു പരിശോധന. കിള്ളി ജമാ അത്തിലെ കബറിടത്തിലാണ് പരിശോധന നടന്നത്. ചൊവ്വാഴ്ച രാവിലെ പൊലീസിന്റെ നേതൃത്വത്തിൽ കാട്ടാക്കട തഹസിൽദാർ നന്ദകുമാരന്റെ സാന്നിധ്യത്തിൽ കബർ തുറന്ന് പരിശോധന നടത്തുക ആയിരുന്നു.

പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണംവീട്ടിൽ സെയ്യദ് അലിയുടെ ഭാര്യ ഫാത്തിമ മിന്നത്തിന്റെ കുട്ടി മരിച്ച സംഭവത്തിലാണ് കഴിഞ്ഞ 19-ന് സ്വകാര്യ ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചതും തുടർന്ന് ചികിത്സപ്പിഴവെന്നാരോപിച്ച് പരാതി നൽകിയതും. ഏഴുമാസം ഗർഭിണിയായിരുന്ന പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായപ്പോൾ വീണ്ടും ആശുപത്രിയിലെത്തി ചികിത്സ തേടി. കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നറിയിച്ച് എസ്.എ.ടി. ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ എത്തിയപ്പോൾ ഗർഭസ്ഥശിശു രണ്ട് മണിക്കൂറുകൾക്കു മുമ്പ് മരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.