പാലക്കാട്: നെല്ലുവിലയായി ഒരു കർഷകന് ഒരേ ദിവസം രണ്ട് ബാങ്കിലേക്ക് പി.ആർ.എസ്. വായ്പ അനുവദിച്ച് സപ്ലൈകോ. കുഴൽമന്ദം കൃഷിഭവൻ പരിധിയിലെ പാങ്കുളം പാടശേഖരസമിതി ഖജാൻജി കളപ്പെട്ടി നടുവശ്ശേരിക്കളം യു. മണികണ്ഠനാണ് രണ്ടു ബാങ്കിൽ വായ്പ അനുവദിച്ചത്. ഇതിൽ ഒരു ബാങ്കിൽ കർഷകന് അക്കൗണ്ട് പോലും ഇല്ല. ഇനി ആ ബാങ്കിൽ അക്കൗണ്ട് തുറക്കേണ്ടി വരും. രണ്ട് കൃഷിയിടത്തിലെ നെല്ലളന്നതിനാണ് രണ്ട് ബാങ്കിലേക്ക് വായ്പ.

ഇത്തവണ ഒന്നാംവിളയുടെ രജിസ്ട്രേഷൻ സമയത്ത് എസ്.ബി.ഐ.യുടെ അക്കൗണ്ടാണ് നൽകിയത്. പണം അനുവദിച്ച് അറിയിപ്പ് വന്നപ്പോൾ എസ്.ബി.ഐ.യിലേക്ക് ഒരു പി.ആർ.എസ്. പ്രകാരമുള്ള പണം അനുവദിച്ചപ്പോൾ മറ്റൊരു പി.ആർ.എസ്. പ്രകാരമുള്ള പണം കനറാ ബാങ്കിലേക്കാണ് അനുവദിച്ചത്. കനറാ ബാങ്കിൽ ഇദ്ദേഹത്തിന് അക്കൗണ്ട് ഇല്ല. പുതിയ അക്കൗണ്ട് തുറക്കേണ്ടിവരും. എസ്.ബി.ഐ.യിലേക്ക് 1,92,293 രൂപയ്ക്കും കനറായിലേക്ക് 28,603 രൂപയ്ക്കുമാണ് പി.ആർ.എസ്. വായ്പ അനുവദിച്ചത്.

പണം അനുവദിക്കുന്നതിനുമുമ്പ് ഈ വിവരം അറിഞ്ഞിരുന്നെങ്കിൽ എസ്.ബി.ഐ.യിലേക്കു തന്നെ പണം നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകാമായിരുന്നു. ഇനി രണ്ട് ബാങ്കിലും കടക്കാരനായി മാറും ഈ കർഷകൻ. പുതിയ വായ്പയ്ക്കുള്ള യോഗ്യത നിശ്ചയിക്കുന്ന സിബിൽ സ്‌കോറും പ്രതികൂലമാകും.

പി.ആർ.എസ്. നമ്പർപ്രകാരം ഓൺലൈനിൽ തുക അനുവദിക്കുന്നതിലെ സാങ്കേതികത്വം മൂലമാണ് പ്രശ്‌നമുണ്ടായതെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു.