ശബരിമല: ശബരിമലയിൽ ഇന്നലെ വരെ ദർശനം നടത്തിയത് 6.80 ലക്ഷത്തിലധികം അയ്യപ്പ ഭക്തർ. ഇന്നലെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 51,308 പേരാണ് ശബരിമലയിൽ എത്തിയത്. രാവിലെ 9 ആയപ്പോഴേക്കും 18,308 പേർ ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോഴാണു വലിയ തിരക്ക് അനുഭവപ്പെടുന്നത്. എല്ലാവരും രാത്രി മലകയറി പുലർച്ചെ നിർമ്മാല്യം കണ്ടു നെയ്യഭിഷേകവും നടത്തി മടങ്ങാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ദർശനത്തിനു പുലർച്ചെ തിക്കും തിരക്കുമാണ്.

ഒമ്പതു മണി കഴിഞ്ഞാൽ വലിയ തിരക്കില്ല. അതിനു ശേഷം വരുന്ന തീർത്ഥാടകർക്കു വലിയ നടപ്പന്തലിൽ അധികനേരം കാത്തുനിൽക്കാതെ പതിനെട്ടാംപടി കയറാൻ കഴിയുന്നുണ്ട്. അതുപോലെ വൈകിട്ട് നാലിനു നട തുറക്കുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാത്രി ഏഴു വരെ തിരക്കുണ്ട്. അതു കഴിഞ്ഞാൽ തിരക്കു കുറയുന്നുണ്ട്. വെർച്വൽ ക്യു ബുക്ക് ചെയ്യാതെ വരുന്നവർക്ക് തിരിച്ചറിയൽ രേഖ കാണിച്ചാൽ സന്നിധാനത്തേക്ക് പോകാൻ സ്‌പോട് ബുക്കിങ് പാസ് നൽകുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്തി ദിവസം 8500 മുതൽ 9000 പേർ വരെ ഇപ്പോൾ എത്തുന്നുണ്ട്. തീർത്ഥാടനത്തിനായി നട തുറന്ന് 13 ദിവസം പിന്നിട്ടു. ഇന്നലെ രാവിലെ വരെ 6.80 ലക്ഷം തീർത്ഥാടകർ ദർശനം നടത്തിയതായാണ് പൊലീസിന്റെ കണക്ക്.