പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിക്ക് പിറകിലായി സ്ഥാപിച്ച ഹൈട്ടെക്ക് അമ്മത്തൊട്ടിലിന്റെ പ്രവർത്തനം വീണ്ടും നിശ്ചലമായി. നേരത്തെ, വർഷങ്ങളോളം പ്രവർത്തനം നിലച്ചിരുന്ന അമ്മത്തൊട്ടിൽ 2021-ലാണ് ഹൈടക് സജ്ജീകരണങ്ങളോടെ വീണ്ടും തുറന്നത്. എന്നാൽ, ഉദ്ഘാടനം നടത്തി രണ്ടുവർഷം പിന്നിട്ടപ്പോഴെക്കും ഈ അമ്മത്തൊട്ടിലിന്റെ പ്രവർത്തനം വീണ്ടും നിലച്ചിരിക്കുകയാണ്.

സെൻസർ സംവിധാനം, കുഞ്ഞിനെ ഉപേക്ഷിച്ചു പോയ വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്ന അലാറം മുഴങ്ങുന്ന സംവിധാനം തുടങ്ങിയ ഹൈടക് സജ്ജീകരണങ്ങളോടെ തുറന്ന അമ്മത്തൊട്ടിലാണിത്. മുൻപ് ഇടിമിന്നലേറ്റ് അമ്മത്തൊട്ടിലിന്റെ ഉപകരണങ്ങൾ നശിച്ചതിനെ തുടർന്ന് വർഷങ്ങളോളം ഇതിന്റെ പ്രവർത്തനം നിലച്ചിരുന്നു. തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ടാണ് അമ്മത്തൊട്ടിൽ വീണ്ടും നവീകരിച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും പ്രവർത്തനരഹിതമായത്. അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമാണെന്ന് ശിശുക്ഷേമ സമിതി അറിയിച്ചിട്ടുണ്ടെന്നുള്ള അറിയിപ്പാണ് ഭിത്തിയിൽ പതിച്ചിരിക്കുന്നത്.

അറിയിപ്പ് പ്രകാരം 25-ാം തീയതി മുതലാണ് പ്രവർത്തിക്കാതായത്. തുടർന്ന് ഇതുവരെ അമ്മത്തൊട്ടിൽ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു നടപടിയും ശിശുക്ഷേമസമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഏപ്രിലിലാണ് ആറന്മുളയിൽ കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം ഉണ്ടായത്. ഇതേത്തുടർന്ന് നിരവധി ബോധവത്കരണങ്ങളും മറ്റും ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തിരുന്നു.