കണ്ണൂർ: 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് തമിഴ് നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രിയും ചലച്ചിത്ര നടനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കണ്ണൂർ സർവ്വകലാശാല സ്റ്റുഡന്റ്‌സ് യൂനിയൻ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപന സമ്മേളനം താവക്കര ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തമിഴ് നാട്ടിൽ നിന്നും ഫാസിസ്റ്റ് ശക്തികൾക്ക് ഒരു സീറ്റു പോലും ലഭിച്ചിട്ടില്ല. രാഷ്ട്രീയ പരമായി ഒരേ പോലെ ചിന്തിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ് നാടും. ദ്രാവിഡ രാഷ്ട്രിയമാണ് തമിഴ് നാടിന്റെ മുഖമുദ്ര. സാംസ്‌കാരികമായും ഭാഷാപരമായും കേരളവും തമിഴ് നാടും ഏറെ സാമ്യങ്ങളുണ്ട്.

താൻ നടത്തിയ പ്രസംഗം ചില മാധ്യമങ്ങൾ തെറ്റായി കൊടുത്തപ്പോൾ ബിജെപി അതിനെ ദേശീയ തലത്തിൽ വിവാദമാക്കുകയാണ് ചെയ്തത്. ആ സമയം തനിക്ക് ഫാസിസ്റ്റ് ഭീഷണിയുണ്ടായപ്പോൾ ഏറെ പിൻതുണ ലഭിച്ച സംസ്ഥാനം കേരളമാണ്. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ തമിഴ്‌നാടും കേരളവുമെന്നും മുൻപന്തിയിലുണ്ടാകും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ട് സംസ്ഥാനങ്ങളും ബിജെപിക്ക് ഒരു സീറ്റു പോലും നൽകില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

തമിഴ് നാടും കേരളവും തമ്മിൽ ഏറെ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക ബന്ധങ്ങളുണ്ട് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന തന്റെ മുത്തച്ഛൻ കലൈഞ്ജർക്ക് കേരളത്തിലെ മുഖ്യമന്ത്രിമാരായ ഇ.കെ നായനാർ, സി.അച്യുതമേനോൻ, ഉമ്മൻ ചാണ്ടി എന്നിവരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് നാടുമായി നല്ല ബന്ധം നിലനിർത്തുന്നുണ്ട്.

കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവർണർമാരെ ഉപയോഗിച്ചും ഇഡി യുൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ചും തങ്ങൾക്ക് എതിരായി നിലനിൽക്കുന്ന സംസ്ഥാനങ്ങളെ വേട്ടയാടുകയാണ് കേരളത്തിലും തമിഴ് നാട്ടിലും അതാണ് സംഭവിക്കുന്നത്. ഫെഡറൽ തത്വ ലംഘനമാണ് അവർ നടത്തുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന് മുൻഗണനയുള്ള തമിഴ് നാട്ടിൽ ബിജെപിയുടെ തന്ത്രം വിലപോവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായി കണ്ണൂർ സർവകലാശാലയിലെത്തിയ ഉദയ നിധി സ്റ്റാലിന് സർവകലാശാല യൂണിയൻ ഭാരവാഹികളും വിദ്യാർത്ഥികളും ആവേശകരമായ സ്വീകരണം നൽകി. സമാപന സമ്മേളനത്തിൽകണ്ണൂർ യൂനിവേഴ്‌സിറ്റി യുനിയൻ ചെയർപേഴ്‌സൻ ടി.പി. അഖില അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എംഎ‍ൽഎ, വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, പ്രോ വൈസ് ചാൻസലർ എ. സാബു, സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ, എഴുത്തുകാരൻ അശോകൻ ചരിവിൽ, സിൻഡിക്കേറ്റ് അംഗങ്ങളായ സുകന്യ നാരായണൻ, ഡോ. പ്രമോദ് വെള്ളച്ചാൽ, രജിസ്ട്രാർ ജോബി? കെ. ജോസ്, ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. റഫീഖ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി.എസ്. സഞ്ജീവ് സ്വാഗതവും ജോ. കൺവീനർ സി.വി. വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു.