ഡൽഹി: രാജസ്ഥാനിൽ പിതാവ് മകളെ കഴുത്തറുത്ത ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന പ്രതി മൂത്ത മകളെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു വിവാഹ വീട്ടിൽ വച്ചാണ് ദാരുണമായ സംഭവം നടക്കുന്നത്.

കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്ക് ശേഷം പാലി ജില്ലയിലെ ഇസാലി ഗ്രാമത്തിലെ ഒരു വിവാഹസ്ഥലാത്ത് വച്ച് തന്റെ രണ്ട് പെൺമക്കളെ കണ്ടുമുട്ടി. പ്രതിയുമായി അകന്ന് അമ്മയോടൊപ്പം ഗുജറാത്തിൽ കഴിയുകയായിരുന്നു മുപ്പത്തി രണ്ടുകാരിയായ മൂത്ത മകളും ഇളയമകളും. ചടങ്ങിനിടെ സംസാരിക്കാനായി മൂത്തമകളെ വിളിച്ച പ്രതി, ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടുപോയി. കഴുത്തറത്ത ശേഷം കയ്യിൽ കരുതിയ പെട്രോള് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഇളയ മകളോട് കാത്തു നിൽക്കാൻ പറഞ്ഞ ശേഷമായിരുന്നു ക്രൂരമായ കൊലപാതകം. തിരിച്ചെത്തിയ അച്ഛന്റെ ഒപ്പം സഹോദരി ഉണ്ടായിരുന്നില്ല. സൂക്ഷിച്ച് നോക്കിയപ്പോൾ പിതാവിന്റെ കൈയിൽ ചോരപുരണ്ടതു കണ്ട ഇളയമകൾ പ്രദേശവാസികളെ വിവരമറിയിക്കുക ആയിരുന്നു. പൊലീസെത്തുമ്പോൾ പകുതി കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.പന്ത്രണ്ട് വർഷമായി കുടുബവുമായി അകന്നു കഴിയുന്ന പ്രതി, മൂത്തമകളാണ് ഇതിനു കാരണമെന്ന് ആരോപിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവ ശേഷം തി ശിവ്‌ലാൽ മേഘ്വാൾ ഒളിവിലാണ്. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.