- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിനുള്ളിൽ കലഹിച്ച് ദമ്പതിമാർ; ജർമനിയിൽ നിന്നും ബാങ്കോക്കിലേക്ക് പോയ ലുഫ്താൻസാ വിമാനം ഡൽഹിയിലിറക്കി
ന്യൂഡൽഹി: ദമ്പതിമാരുടെ വഴക്കിനെ തുടർന്ന് ബാങ്കോക്കിലേക്ക് പറന്ന ജർമൻ വിമാനം അടിയന്തിരമായി ഡൽഹിയിൽ ഇറക്കി. ഭാര്യയും ഭർത്താവും തമ്മിലുള്ള അടിപിടി അതിരുവിട്ടതോടെയാണ് ജർമനിയിലെ മ്യൂണിക്കിൽനിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ലുഫ്താൻസ 772 വിമാനം അടിയന്തിരമായി ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്.
തുടർന്ന് ഭർത്താവിനെ ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർക്ക് കൈമാറിയ ശേഷം വിമാനം പറന്നുയർന്നു. ബുധനാഴ്ച രാവിലെയാണ് വിമാനയാത്രക്കാരെ എല്ലാം വെട്ടിലാക്കിയ സംഭവം. ജർമൻ സ്വദേശിയായ 58-കാരനും തായ്ലാൻഡ് സ്വദേശിനിയായ ഭാര്യയും തമ്മിലാണ് വിമാനത്തിനുള്ളിൽ കലഹിച്ചത്. ഇരുവരും തമ്മിലുള്ള വഴക്ക് അതിരുവിട്ടതോടെ ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് ഭാര്യ പൈലറ്റിന്റെ സഹായം തേടുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഭർത്താവ് ഭക്ഷണം എറിഞ്ഞതായും ഭാര്യയോട് ആക്രോശിച്ച് ലൈറ്റർ ഉപയോഗിച്ച് പുതപ്പ് കത്തിക്കാൻ ശ്രമിച്ചതായും ജീവനക്കാർ പറഞ്ഞു.
തുടർന്ന് വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കാൻ തീരുമാനിക്കുക ആയിരുന്നു. ശേഷം ഭർത്താവിനെ സുരക്ഷാ ജീവനക്കാർക്ക് കൈമാറിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇയാളെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് കൈമാറണോ അതോ ജർമനിയിലേക്ക് തിരിച്ചയക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.



