പാലക്കാട്: ഗോപാലപുരത്തെ കന്നുകാലി ചെക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ രഹസ്യ പരിശോധനയിൽ 14,000 രൂപയുടെ കൈക്കൂലി പണം പിടികൂടി. കൊഴിഞ്ഞാമ്പാറ കരിമണ്ണിൽ പ്രവർത്തിക്കുന്ന ഗോപാലപുരം മൃഗസംരക്ഷണവകുപ്പ് ചെക്‌പോസ്റ്റിലാണ് സംഭവം. കന്നുകാലികളുമായി വന്ന ലോറിഡ്രൈവർമാരിൽനിന്ന് കൈമടക്കായി വാങ്ങിയ പണമാണ് പിടികൂടിയത്.

ബുധനാഴ്ച പുലർച്ചെ അഞ്ചിനുതുടങ്ങിയ പരിശോധന ഏഴുവരെ തുടർന്നു. ഉദ്യോഗസ്ഥർ പണം വാങ്ങുന്നതിന്റെ തെളിവുകൾ വിജിലൻസ് നേരിട്ട് ശേഖരിച്ചു. ്ഫിഡ്ജിനകത്തും ഷർട്ട് തൂക്കുന്ന ഹുക്കിനിടയിലും അലമാരയ്ക്കുപിറകിലും ഉദ്യോഗസ്ഥന്റെ ശരീരത്തിൽ നിന്നും വരെ പണം പിടികൂടി. ഫ്രിഡ്ജിൽനിന്ന് 8,700 രൂപയും ഹുക്കിൽനിന്ന് 1,800 രൂപയും അലമാരയ്ക്കു പിറകിൽനിന്ന് 1,500 രൂപയും ചെക്പോസ്റ്റ് ഉദ്യോഗസ്ഥന്റെ പക്കൽനിന്ന് 2,000 രൂപയുമാണ് വിജിലൻസ് കണ്ടെടുത്തത്.

പണം ഒളിപ്പിക്കുന്നതുൾപ്പെടെ കണ്ടുമനസ്സിലാക്കിയതിനു ശേഷമായിരുന്നു വിജിലൻസ് പരിശോധന. ചെക്പോസ്റ്റിന്റെ ഒരുകിലോമീറ്റർ അപ്പുറംനിന്ന ഉദ്യോഗസ്ഥർ ചെക്പോസ്റ്റ് കടന്നുവന്ന നാല് കന്നുകാലിലോറികൾ പരിശോധിച്ചു. അതിൽ മൂന്നെണ്ണത്തിനും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഇത് പരിശോധന കൂടാതെ കടത്തിവിട്ടതിന്റെ തെളിവാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരുലോറിക്ക് സർട്ടിഫിക്കറ്റ് നൽകിയിരുന്നെങ്കിലും പണം വാങ്ങിയശേഷമാണ് കടത്തിവിട്ടതെന്ന് ലോറിജീവനക്കാർ വിജിലൻസിനു മൊഴിനൽകി. പാലക്കാട് വിജിലൻസ് ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള സംഘം ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരേ സർക്കാരിന് റിപ്പോർട്ട് നൽകും.

വിജിലൻസ് ഇൻസ്‌പെക്ടർ എസ്‌പി. സുജിത്ത്, വി.ജെ. രാഹുൽ (അസി. ജിയോളജിസ്റ്റ്, മൈനിങ് ആൻഡ് ജിയോളജി, പാലക്കാട്), വിജിലൻസ് എസ്‌ഐ.മാരായ ബി. സുരേന്ദ്രൻ, കെ. അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. ഉവൈസ്, കെ. സുബാഷ്, കെ. രഞ്ജിത്ത്, കെ. സന്തോഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.