ഇലവുംതിട്ട: അയൽവാസിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തി രണ്ടര പവന്റെ സ്വർണമാലയുമായി കടന്ന യുവാവ് അറസ്റ്റിൽ. മേലുത്തേമുക്ക് പൂപ്പൻകാല ദീപുസദനം ദീപുവിനെയാണ് (38) ഇലവുംതിട്ട പൊലീസ് പിടികൂടിയത്. മേലുത്തേമുക്ക് അജിഭവനിൽ കലാ ഭാസ്‌കറിന്റെ പരാതിയിലാണ് കേസെടുത്തത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ കലയുടെ സഹോദരീ ഭർത്താവ് ജ്ഞാനദാസിന്റെ മാലയാണ് മോഷണം പോയത്. ജ്ഞാനദാസിന നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായത്തിനാണ് ദീപു വന്നത്. ഈ സമയം ജ്ഞാനദാസ് തന്റെ 2.5 പവൻ തൂക്കം വരുന്ന സ്വർണമാല ഊരി കട്ടിലിന്റെ പടിയിൽ വെച്ചു. ആശുപത്രിയിൽ കാണിച്ച ശേഷം തിരികെ വന്ന ദീപു കാറിന്റെ താക്കോൽ നൽകാൻ വീട്ടിൽ കയറി. ഈ സമയത്ത് കട്ടിൽ പിടിയിലിരുന്ന മാലയും എടുത്ത് കടക്കുകയായിരുന്നു.

ഞായറാഴ്ചയാണ് മാലയൂരി കട്ടിലിൽ വെച്ചകാര്യം ജ്ഞാനദാസ് ബന്ധുക്കളോട് പറഞ്ഞത്. അവർ വീട്ടിൽ പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇതിനിടെ തനിക്ക് ലോട്ടറിയടിച്ചുവെന്ന് പറഞ്ഞ് ദീപു നാട്ടിൽ സുഹൃത്തുക്കളുമായി ആഘോഷം നടത്തി.ദീപു ആശുപത്രിയിൽ പോകാനും ഒപ്പം വന്നെന്ന് മനസ്സിലാക്കിയ പൊലീസ് സംശയം തോന്നിയാണ് ചോദ്യം ചെയ്തത്.

മാല പത്തനംതിട്ടയിലെ ജൂവലറിയിൽ 1.27 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് ജൂവലറിയിൽ എത്തിച്ച് മാല വീണ്ടെടുത്തു. സുഹൃത്തുക്കൾക്ക് ചെലവ് ചെയ്തതിന്റെ ബാക്കി 96,000 രൂപ ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. പൊലീസ് ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണൻ, എസ്‌ഐ.മാരായ അനിൽ, വിനോദ്, സി.പി.ഒ.മാരായ രാജേഷ്, അനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.