തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആർ സി സി ക്ക് സമീപം വീടിനോട് ചേർന്ന ഷെഡ് കുത്തിത്തുറന്ന് ഭവന ഭേദനം നടത്തി ഗ്യാസ് സിലിണ്ടറടക്കം 60,000 രൂപയുടെ വീട്ടുപകരണങ്ങൾ മോഷണം ചെയ്ത കേസിൽ ജാമ്യമില്ല. നവംബർ 10 മുതൽ ജയിലിൽ കഴിയുന്ന ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ പൂവാർ സ്വദേശി പ്രദീപ് (38) , വാമനപുരം കല്ലറ സ്വദേശി അനസ് (38) , മെഡിക്കൽ കേളേജ് വാർഡ് നിവാസി രവികുമാർ (57) എന്നിവർക്കാണ് ജാമ്യം നിരസിച്ചത്.

തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണുത്തരവ്. ആരോപണം ഗൗരവമേറിയതാണെന്നും കാഠിന്യമേറിയതാണെന്നും നിരീക്ഷിച്ചാണ് അ സി ജെ എം എൽസ കാതറിൻ ജോർജ് 3 പ്രതികൾക്കും ജാമ്യം നിരസിച്ചത്. കേസിൽ പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നീതിയുടെ താൽപര്യത്തിന് വേണ്ടി ജാമ്യ ഹർജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.