കൊച്ചി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ കൊച്ചിയിലേക്കുള്ള യാത്രയിൽ വിവാദം. രാഹുലിന് കൊച്ചി നേവൽ ബേസിൽ വിമാനം ഇറങ്ങാൻ അനുമതി നിഷേധിച്ചുവെന്ന് ഡിസിസി നേതൃത്വം ആരോപിച്ചു. അനുമതിയില്ലാത്ത സാഹചര്യത്തിൽ രാഹുൽഗാന്ധി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തന്നെ എത്തും. നേരത്തെ വിമാനത്താവളത്തിൽ നിന്ന് നേവൽ ബേസിലേക്ക് യാത്ര മാറ്റിയിരുന്നു. മഹിളാ കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ കൊച്ചിയിലെത്തുന്നത്.

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ടുണ്ട്. മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് പൈലറ്റിന് പിറകെ പോവാതെ, രാഹുൽ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൗസിലേക്ക് പോയി. കളക്റ്റ്രേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ യാത്ര മാനന്താവാടിയിലേക്കെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വഴിയൊരുക്കി, രണ്ട് പൈലറ്റ് വാഹനങ്ങൾ മാനന്തവാടിക്ക് പോയി.

പക്ഷേ, രാഹുൽ ഗാന്ധിയും എസ്‌കോർട്ട് വാഹനവും നേരെ റസ്റ്റ് ഹൗസിലേക്കായിരുന്നു പോയത്. ബൈപ്പാസ് ജങ്ഷൻ എത്തിയപ്പോഴാണ്, രാഹുലിന്റെ കാർ പിറകെയില്ലെന്ന കാര്യം പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവർക്ക് മനസിലായത്. എന്നാൽ രാഹുൽ ഗാന്ധിയുടെ വാഹനം എസ്‌പി ഓഫീസിന് അടുത്തുള്ള റസ്റ്റ് ഹൗസിൽ എത്തിയെങ്കിലും ഇറങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവർ ബാഗെടുത്ത് തിരികെ വാഹനത്തിൽ കയറി. ഏഴുമിനിറ്റോളം വാഹനം റസ്റ്റ് ഹൗസിൽ നിർത്തിയിട്ടു. ഇതിനിയിൽ പൈല്റ്റ് വാഹനം വീണ്ടുമെത്തിയ ശേഷം രാഹുൽ ഗാന്ധി മാനന്തവാടിയിലേക്ക് തന്നെ പുറപ്പെട്ടു.