കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിലെ നിർണ്ണായകമായ രേഖ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ . ഇത് കണ്ടെത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് മാസത്തെ സമയം സുപ്രീം കോടതി അനുവദിച്ചു.

ഡ്രഡ്ജർ ഇടപാടുമായി ബന്ധപ്പെട്ട ഈ രേഖ വ്യാജമായി ചമച്ചതാണെന്ന് ആരോപണമുണ്ട്. ആരോപണത്തിന്റെ നിജസ്ഥിതി ഉറപ്പാക്കാൻ അത് കണ്ടെത്തണം. ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പോലും അത് കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ നേരത്തെ രണ്ടര വർഷവും, ഇപ്പോൾ മൂന്ന് മാസവും ആയി നടക്കുന്ന അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് ജേക്കബ് തോമസ് സുപ്രീം കോടതിയിൽ ആരോപിച്ചു. അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കാനും ബെഞ്ച് നിർദ്ദേശിച്ചു.