കൽപറ്റ: വയനാട്ടിൽ എം.ഡി.എം.എ കടത്തുന്നതിനിടെ പാലക്കാട് സ്വദേശിയായ യുവാവ് പിടിയിൽ. മണ്ണാർക്കാട് ചോയിക്കൽ വീട്ടിൽ രാഹുൽ ഗോപാലൻ (28) നെ കൽപറ്റ പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊലീസും എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കടത്തുകാർ വലയിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരം കൽപറ്റക്കടുത്ത റാട്ടക്കൊല്ലിയിൽ വച്ചാണ് യുവാവ് പിടിയിലായത്. ഇയാളിൽ നിന്നും 1.540 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്. എസ്‌ഐ കെ.എ. അബ്ദുൾ കലാം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നജീബ്, സുമേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ലിൻരാജ്, ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വയനാട്ടിൽ വിദ്യാർത്ഥികൾക്കടക്കം മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടിയത്. മുട്ടിൽ കൊറ്റൻകുളങ്ങര വീട്ടിൽ വിനീഷ് (28) ആണ് അറസ്റ്റിലായത്. ഇയാൾ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മാരകമയക്കുമരുന്നായ എം.ഡി.എം.എ വിൽപ്പന നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വിശദമാക്കിയത്. എക്സൈസ് ഇന്റലിജൻസും സുൽത്താൻബത്തേരി റേഞ്ച് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ പിടികൂടിയത്

മീനങ്ങാടി ചെണ്ടക്കുനി സർക്കാർ പോളിടെക്നിക് കോളേജിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് വിനീഷ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് വലിയ അളവിൽ എം.ഡി.എം.എ എത്തിച്ച് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് വിൽപ്പന നടത്തി വരികയായിരുന്നു വിനീഷ് എന്ന് എക്സൈസ് അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ കുറിച്ച് പൊലീസിനും എക്സൈസിനും ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെ സ്‌കൂൾ കോളേജ് പരിസരങ്ങളിൽ നിരന്തരമായ പരിശോധനയാണ് ഉദ്യോഗസ്ഥർ നടത്തി വരുന്നത്.