പാലക്കാട്: നവകേരള സദസിനായി എത്തുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും കടന്നു പോകുന്നതിനായി റോഡിലെ തണൽ മരങ്ങൾ മുറിച്ച് മാറ്റിയതിൽ നാട്ടുകാർക്ക് പ്രതിഷേധം. പാലക്കാട് മണലിയിലെ റോഡിലാണ് സംഭവം. പ്രഭാത സദസിനായി പാലക്കാട് മണലിയിലേക്ക് പോകുന്നതിനായിയിരുന്നു മുഖ്യമന്ത്രിക്കും സംഘത്തിനും സൗകര്യം ഒരുക്കിയത്. ഇവിടേക്ക് കടന്നു പോകുന്ന വഴിയിലെ മരങ്ങളാണ് മുറിച്ച് മാറ്റിയിരിക്കുന്നത്.

വഴിയരികിലെ മരങ്ങൾ വളരെ പെട്ടെന്നായിരുന്നു മുറിച്ച് മാറ്റിയത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. വേനൽക്കാലത്ത് ജനങ്ങൾക്ക് ഒരു ആശ്വാസം നൽകുന്നതാണ് വഴിയരികിലെ മരങ്ങൾ. ഇവ മുഖ്യമന്ത്രിയുടെ പരിപാടിക്ക് വേണ്ടി വളരെപ്പെട്ടെന്ന് മുറിച്ച് മാറ്റിയത് ശരിയായ നടപടി അല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

നവകേരള സദസിന്റെ വിളംബരജാഥക്ക് ആളെ കൂട്ടാൻ തൃശൂർ കോർപ്പറേഷൻ ജീവനക്കാർക്ക് സെക്രട്ടറി നിർദ്ദേശം നൽകിയതും ഇന്ന് വിവാദമായി മാറിയിരുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജുവാണ് വാട്‌സ്ആപ് ഗ്രൂപ്പിൽ നിർദ്ദേശം നൽകിയത്. കോർപറേഷൻ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ഹെൽത്ത് ഇൻസ്‌പെക്ടർ സന്ദേശം നൽകിയത്.

തൃശൂർ കോർപ്പറേഷനിലെ മുഴുവൻ ജീവനക്കാരും വിളംബരജാഥക്ക് പങ്കെടുക്കണമെന്നാണ് ഉദ്യോ?ഗസ്ഥൻ നിർദ്ദേശിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തൃശൂർ സിഎംഎസ് ഹൈസ്‌കൂൾ കോമ്പൗണ്ടിൽ സംഘടിപ്പിക്കുന്ന നവകേരള സദസിന് ആളെ കൂട്ടുന്നതിന് വേണ്ടിയാണ് തൃശൂർ കോർപ്പറേഷൻ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥൻ അയച്ച ശബ്ദസന്ദേശം ജനം ടിവിക്ക് ലഭിക്കുകയും ചെയ്തിരുന്നു.