- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളംകളിക്കു ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെ അപകടം; ആലപ്പുഴയിൽ ചുണ്ടൻ വള്ളത്തിലേക്ക് ചെറുബോട്ട് ഇടിച്ചുകയറി; ഒരാൾക്ക് പരുക്ക്
ആലപ്പുഴ: ചാംപ്യൻസ് ബോട്ട് ലീഗ് പാണ്ടനാട് വള്ളംകളിക്കു ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെ അപകടം. വിജയികളായ വീയപുരം ചുണ്ടനിലേക്ക് ബോട്ട് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ഫിനിഷിങ് പോയന്റിൽ നിന്ന് ചുണ്ടൻ തിരികെ വേഗത്തിൽ തുഴഞ്ഞു വരുമ്പോൾ എതിരെ നിന്നും വന്ന ബോട്ട് ഇടിച്ചുകയറുകയായിരുന്നു.
തുഴച്ചിലുകാരനായ അൻവിന് കാലിനു പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു തുഴച്ചിലുകാർ വെള്ളത്തിലേക്ക് ചാടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബോട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അഞ്ചു മണിയോടെയായിരുന്നു അപകടം.
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ വിജയികളായ വീയപുരം ചുണ്ടൻ, ട്രോഫി ഏറ്റുവാങ്ങാൻ പവലിയനിലേക്ക് കടന്നുവരുമ്പോൾ ചെറുബോട്ട് ഇടിച്ചു കയറുകയായിരുന്നു. ചുണ്ടന്റെ മുൻഭാഗത്തിന് കേടുപറ്റി.
പവലിയന് സമീപം കിടന്ന ബോട്ട് മറുകരയിലേക്ക് പോകാൻ ഓടിച്ചപ്പോൾ ഇടിച്ചു കയറുകയായിരുന്നു. ചുണ്ടന്റെ മുൻഭാഗം ഉൾപ്പെടെ ബോട്ടിനുള്ളിലായി.
വീയപുരം ചുണ്ടൻ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബിലെ തുഴച്ചിൽക്കാർ വെള്ളത്തിൽ വീണു. ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പമ്പാനദിയിലെ പാണ്ടനാട് നെട്ടായത്തിലായിരുന്നു മത്സരം നടന്നത്. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മത്സരം ഉദ്ഘാടനം ചെയ്തു. സി.ബി.എല്ലിന്റെ 11-ാം പാദമത്സരത്തിൽ വീയപുരം ചുണ്ടൻ ജേതാക്കളായപ്പോൾ നടുഭാഗം രണ്ടാമതും മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ മൂന്നാം സ്ഥാനത്തും എത്തി.




