കണ്ണൂർ: കണ്ണൂർ: സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഷ്ട്രീയ കൊലപാതക കേസിലുൾപ്പെടെ പ്രതിയായ പാനൂർ സ്വദേശിക്കെതിരെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരയാക്കൂൽ പന്ന്യന്നൂർ ജമീന്റവിട ബിജുവിനെതിരെയാണ്(43) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തിയത്.

ഭരണകക്ഷിപാർട്ടിയുമായി അടുത്തബന്ധമുള്ളയാളാണ് ബിജു. എന്നാൽ പാർട്ടിക്ക് അതീതമായി ക്വട്ടേഷൻ പ്രവൃത്തികളും കൊള്ളയും നടത്തിയതിനാൽ ഇയാളുമായുള്ള ബന്ധം പാർട്ടി ഒഴിവാക്കുകയായിരുന്നു. പാനൂർ പുത്തൂരിൽ സ്‌കൂട്ടർ യാത്രക്കാരനെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്‌കൂട്ടർ യാത്രാക്കാരനായ യുവാവിൽ നിന്നും പണം കവർന്ന കേസിൽ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ പള്ളിക്കുന്ന് സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞുവരുന്ന ഇയാളെ പാനൂർ സബ്ബ് ഇൻസ്‌പെക്ടർ സി.സി ലതീഷ് ശനിയാഴ്‌ച്ച രാവിലെ പത്തുമണിയോടെ സെൻട്രൽ ജയിലിലെത്തി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

കണ്ണൂർ സിറ്റി ജില്ലാ പൊലീസ് മേധാവി അജിത് കുമാർ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് പാനൂർ, തലശ്ശേരി എന്നി പൊലീസ് സ്റ്റേഷനുകളിലായി ലഹള നടത്തൽ, തടഞ്ഞു വെച്ച് കഠിന ദേഹോപദ്രപം ഏൽപ്പിക്കൽ, കൊലപാതക ശ്രമം, കൂട്ടക്കവർച്ച, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിങ്ങനെയായി അഞ്ചു കേസുകൾ നിലവിലുണ്ട്.

കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്വീകരിച്ച് വരുന്നുണ്ട്. കണ്ണൂരിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി നാലിലേറെ ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കെതിരെ പൊലിസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തുവരികയാണ്.

രാഷ്ട്രീയക്രിമിനൽ കേസുകളിൽ പ്രതികളായവരും കാപ്പകേസിൽ ഉൾപ്പെടുന്നുണ്ട്. പൊലിസ് നടപടിക്കെതിരെ ഭരണകക്ഷിയുൾപ്പെടെ നിരവധി പാർട്ടികൾ രംഗത്തുവന്നിരുന്നു. ഇപ്പോൾ അറസ്റ്റിലായ ജമീന്റവിട ബിജു നേരത്തെ രാഷ്ട്രീയ കൊലപാതകകേസുകൾ ഉൾപ്പെടെയിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.

ഏറെക്കാലമായി രാഷ്ട്രീയ സംഘർഷമില്ലാതിരിക്കുന്ന പാനൂരിൽ സ്ഥിതി കൂടുതൽ ശാന്തമാക്കുന്നതിനാണ് പൊലിസ് കാപ്പചുമത്തൽ, നാടുകടത്തൽ നടപടിയുമായി രംഗത്തുവന്നത്. മയക്കുമരുന്ന്, സ്വർണക്കടത്ത് കേസിൽ പിടികൂടുന്നവർക്കെതിരെയും പൊലിസ് കാപ്പചുമത്തുന്നുണ്ട്.സി.പി. എം സൈബർ പോരാളിയായ ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ഇതു ഏറെ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു.