തൃശൂർ: വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. കാറിൽ തീപടരുന്നത് കണ്ടതിനെ തുടർന്ന് യാത്രികർ ചാടി ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ബാറ്ററിയുടെ ഷോർട്ട് സെർക്യൂട്ടായിരിക്കാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നെല്ലുവായ് സ്വദേശി കൃഷണന്റെ കാറിനാണ് തീപിടിച്ചത്. കാർ പൂർണമായും കത്തി നശിച്ചു.

വടക്കാഞ്ചേരിയിൽ നിന്നും നെല്ലുവായിലേക്ക് പോവുകയായിരുന്നു കൃഷ്ണനും സഹയാത്രികരും. ഇതിനിടെയാണ് കാറിന്റെ ബോണറ്റിൽ നിന്നും തീ ഉയരുന്നത് കണ്ടത്. ഉടനെ കാറിൽ നിന്നും കൃഷ്ണനും സഹയാത്രികരും ചാടിയിറങ്ങുകയായിരുന്നു. അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.