കണ്ണൂർ: ഇരിട്ടിക്കടുത്തെ വയത്തൂരിൽ കാടുവയ്ക്കുന്ന തൊഴിലാളികൾ കണ്ട കടുവയ്ക്കായി കണ്ണവം വനം വകുപ്പ് ഉദ്യോഗസ്ഥർ കശുമാവിൻ തോട്ടത്തിൽ തെരച്ചിൽ നടത്തി. വയത്തൂരിൻെ സഹജന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിലാണ് ശനിയാഴ്‌ച്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ തൊഴിലാളിയായ സജി കടുവ കിടക്കുന്നതായി കണ്ടത്.

ഉടൻ പരിഭ്രാന്തനായ ഇയാൾ കൂടെ കുറച്ചകലെ പണിയെടുക്കുന്ന ചന്ദ്രൻ, മട്ടിണി സ്വദേശി ഗംഗാധരൻ എന്നിവരെ വിവരമറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി നോക്കിയപ്പോഴാണ് കടുവയുടെ വാൽ കണ്ടത്. കൂടുതൽ അടുത്തു ചെന്നു നോക്കിയപ്പോൾ കടുവ കിടക്കുന്നതായും ആൾപെരുമാറ്റം കണ്ടു എഴുന്നേറ്റു നടന്നു പോവുന്നതും കാണുകയായിരുന്നു. പ്രാണഭയത്താൽ അവിടെ നിന്നും ഓടിരക്ഷപ്പെട്ട ഇവർ ഉടൻ പൊലിസിലും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.

ഇതിനെ തുടർന്ന് കണ്ണവം റെയ്ഞ്ച് ഓഫീസിൽ നിന്നുമെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് വ്യാപകപരിശോധന നടത്തിയെങ്കിലും വൈകുന്നേരം അഞ്ചുമണിവരെ നടത്തിയ പരിശോധനയിൽ കടുവയെ കണ്ടെത്താനായില്ല. കടുവയ്ക്കായുള്ള തെരച്ചിൽ നാളെയും തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.വയത്തൂർ മേഖലയിൽ ഒരുവർഷംമുൻപും കടുവയിറങ്ങിയിരുന്നു. ഒരാഴ്‌ച്ചയോളം ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ പിന്നീട് ആറളത്ത് എത്തുകയും കർണാടക വനത്തിലേക്ക് കയറുകയായിരുന്നു. ദിവസങ്ങൾക്കു മുൻപ് പാനൂർ പെരിങ്ങത്തൂരിലെ സൗത്ത് അണിയാരത്ത് പുള്ളിപുലി ജനവാസ കേന്ദ്രത്തിലെ വീട്ടുകിണറ്റിൽ വീണു ചത്തിരുന്നു.