ശബരിമല: ശബരിമലയിൽ തീർത്ഥാടകനും ബീറ്റ് ഫോറസ്റ്റ് ഓഫിസർക്കും മലയണ്ണാന്റെ കടിയേറ്റു. മലയണ്ണാനു ഭക്ഷണ പദാർഥങ്ങൾ നൽകുന്നതിനിടെയാണ് കണ്ണൂർ സ്വദേശിയായ ഭക്തന്റെ കൈവിരലിനു കടിയേറ്റത്. സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പേവിഷബാധയ്ക്കുള്ള കുത്തിവയ്പും പ്രഥമ ശുശ്രൂഷയും നൽകിയശേഷം വിട്ടയച്ചു.

ഓടിയടുത്ത മലയണ്ണാനിൽനിന്നു കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസർക്ക് കടിയേറ്റത്. കൈക്ക് കടിയേറ്റ ഇദ്ദേഹത്തെ ചരൽമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവയ്പു നൽകി. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് മലയണ്ണാനും കുരങ്ങും അടക്കമുള്ള വന്യമൃഗങ്ങൾക്കു ഭക്ഷണപദാർഥങ്ങൾ നൽകുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

പമ്പ മുതൽ ശബരിമല വരെ പല ഇടങ്ങളിലും മൃഗങ്ങൾക്ക് ആഹാരം നൽകരുതെന്നുള്ള സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നിർദ്ദേശം മറികടന്നും പല സ്വാമിമാരും വന്യമൃഗങ്ങൾക്കു ഭക്ഷണം നൽകാറുണ്ടെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു.ഇതാണ് അപകടം വരുത്തി വയ്ക്കുന്നത്.