- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരിൽ കുക്കി മെയ്‌തെയ് വിഭാഗങ്ങൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടി; വെടിയേറ്റും വെട്ടേറ്റും മെയ്‌തെയ് വിഭാഗക്കാരായ 13 പേർ കൊല്ലപ്പെട്ടു: നടന്നത് മണിപ്പൂരിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊല
കൊൽക്കത്ത: മണിപ്പൂരിൽ കുക്കി മെയ്‌തെയ് വിഭാഗങ്ങൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടി. സായുധഗ്രൂപ്പുകൾ തമ്മിലുള്ള വെടിവയ്പിൽ മെയ്‌തെയ് വിഭാഗക്കാരായ 13 പേർ കൊല്ലപ്പെട്ടു. മ്യാന്മാർ അതിർത്തിക്ക് സമീപം തെഗ്‌നോപാൽ ജില്ലയിലാണ് കൂട്ടക്കൊല നടന്നത്. യുവാക്കളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ്‌തെയ് സായുധസംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണു വിവരം.
കുക്കി ഗ്രാമങ്ങളിലൂടെ മ്യാന്മർ അതിർത്തി കടക്കാൻ ശ്രമിച്ച മെയ്‌തെയ് സായുധസംഘടനയിൽപ്പെട്ടവരുമായി കുക്കി സായുധ ഗ്രൂപ്പുകൾ ഏറ്റുമുട്ടുകയായിരുന്നു. മ്യാന്മറിലെ പിഎൽഎ ക്യാംപിൽ പരിശീലനത്തിനു പോയതാണ് മെയ്‌തെയ് സംഘമെന്നു കരുതുന്നുത്. ഇവർ നാഗാ ഗ്രാമമാണെന്ന് കരുതി വഴിതെറ്റി കുക്കി ഗ്രാമത്തിൽ എത്തിപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവർ പ്രദേശത്തുള്ളവരല്ലെന്നു പൊലീസ് പറഞ്ഞു.
അടച്ചിട്ട വീട്ടിൽ കയറി പാചകം ചെയ്യുമ്പോൾ കുക്കി ഗ്രാമസംരക്ഷണ സംഘാംഗങ്ങൾ വീടുവളഞ്ഞ് ആക്രമിക്കുകയായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം.
വെടിവയ്പിനു പുറമേ വെട്ടേറ്റും പലരും കൊല്ലപ്പെട്ടു. ചിലർ ഓടിരക്ഷപ്പെട്ടു. 2 ഗ്രൂപ്പുകൾ തമ്മിൽ വെടിവയ്പു നടക്കുന്ന വിവരം ലഭിച്ച അസം റൈഫിൾസ് ഉച്ചയോടെ സ്ഥലത്തെത്തിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മണിപ്പുരിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.
ഇതേസമയം, കൊല്ലപ്പെട്ടവർ മറ്റൊരു മെയ്‌തെയ് സായുധഗ്രൂപ്പായ യുഎൻഎൽഎഫ് അംഗങ്ങളാണെന്നു കുക്കി ഗ്രൂപ്പുകൾ ആരോപിച്ചു. ഏതാനും ദിവസം മുൻപ് യുഎൻഎൽഎഫ് സർക്കാരുമായി സമാധാനക്കരാർ ഒപ്പിട്ടിരുന്നുവെങ്കിലും സംഘടനയിലെ ഒരുവിഭാഗം ഇതിനെ അംഗീകരിച്ചിട്ടില്ല. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിലാണു മരണമെന്നാണു കൂക്കി ഗ്രൂപ്പുകളുടെ ആരോപണം.



