കണ്ണൂർ: പരശുറാം എക്സ്‌പ്രസിലെ ജനറൽ കോച്ചിലെ തിരക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥിനികൾ അവശരായി. മംഗളൂരുവിൽനിന്നുള്ള വണ്ടിയിൽ രാവിലെ വടകരയിൽനിന്നാണ് ഇവരിലൊരാൾ കയറിയത്. വന്ദേഭാരതിനുവേണ്ടി തിക്കോടിയിൽ 20 മിനുട്ടോളം പരശുറാം പിടിച്ചിട്ടിരുന്നു. വണ്ടി കൊയിലാണ്ടിയിലെത്തിയപ്പോഴാണ് വിദ്യാർത്ഥിനിക്ക് തളർച്ച അനുഭവപ്പെട്ടത്. യാത്രക്കാർ വെള്ളം നൽകി. ഇതിനിടയിൽ കൊയിലാണ്ടിയിൽനിന്ന് കയറിയ മറ്റൊരു വിദ്യാർത്ഥിനിയും അവശയായി. ഇരുവരും കോഴിക്കോട്ടിറങ്ങി.

കഴിഞ്ഞ തിങ്കളാഴ്ച പരശുറാം എക്സ്‌പ്രസിലെ തിരക്കിൽപ്പെട്ട് യുവതി തലകറങ്ങി വീണിരുന്നു. കൊയിലാണ്ടി കാവുംവട്ടം സ്വദേശിനി എലത്തൂരിലെത്തിയപ്പോഴാണ് തളർന്നുവീണത്. തിരക്കുകാരണം പരശുറാമിൽ ഇതിനുമുൻപും യാത്രക്കാർ കുഴഞ്ഞുവീണിരുന്നു. തിരക്ക് കുറയ്ക്കാൻ ഒക്ടോബർ 29 മുതൽ പാൻട്രി കാർ ഒഴിവാക്കി വണ്ടിയിൽ ഒരു കോച്ച് കൂട്ടിയിരുന്നു. ഇതുകൊണ്ടും ഫലമില്ലാത്ത സ്ഥിതിയാണിപ്പോൾ.