നാദാപുരം: പ്ലസ്ടു വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് മാനഭംഗം നടത്തിയ കേസിൽ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകന് ഏഴുവർഷം കഠിനതടവും അരലക്ഷംരൂപ പിഴയും വിധിച്ചു. മേമുണ്ട ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയർ അദ്ധ്യാപകനായ അഞ്ചുപുരയിൽ ലാലു(45)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്.

ഹയർസെക്കൻഡറി സ്‌കൂൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെയാണ് അദ്ധ്യാപകൻ കുട്ടിയെ കടന്നു പിടിച്ചത്. 2023 ഫെബ്രുവരി 22-നാണ് സംഭവം. മറ്റൊരു സ്‌കൂളിൽ പരീക്ഷയുടെ ഇൻവിജിലേറ്ററായിരിക്കേ ലാലു വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണ് കേസ്. ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ശിവൻ ചോടോത്താണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. സിവിൽ പൊലീസ് ഓഫീസർ പി.എം. ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.