വയനാട്: സുൽത്താൻ ബത്തേരി കല്ലൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു കാട്ടാനയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്തു. ആനയെ ഇടിച്ചു പരിക്കേൽപ്പിച്ച ബസ് വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തു. ബസിന്റെ മുൻഭാഗം തകർന്ന നിലയിലാണ്. ബസ്സിലുണ്ടായിരുന്ന അയ്യപ്പ ഭക്തർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങി.

ബസ് ഇടിച്ചു പരിക്കേറ്റ ആനയുടെ ആരോഗ്യനില മോശമായി തുടരുകയാണ്. നിലവിൽ വനംവകുപ്പ് ആർആർടി, വെറ്ററിനറി ടീം എന്നിവരുടെ നിരീക്ഷണത്തിലാണ് ആന. ആനയുടെ വലതു കാലിനും ചുമലിനുമാണ് പരിക്കേറ്റിട്ടുള്ളത്. ആനയെ നിരീക്ഷിക്കുന്നതിനായി കൂടുതൽ വനം വകുപ്പ് വാച്ചർമാരെ ഏർപ്പാടിക്കിയിട്ടുണ്ട്. ആന അവശനായതിനാൽ, മയക്കുവെടിവച്ച് ചികിത്സ പ്രായോഗികമല്ല.

പതിവായി കല്ലൂർ മേഖലയിൽ എത്തുന്ന 35 വയസ്സുള്ള കൊമ്പനാണ് പരിക്കേറ്റത്. ആനയെ ഇടിച്ച കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.