പാലക്കാട്: പാലക്കാട് കുമരനെല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച അദ്ധ്യാപകനടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. സ്‌കൂളിലെ പ്ലസ് വൺ -പസ്ടു വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്.വിദ്യാർത്ഥികൾ തമ്മിൽ നേരത്തെയും സംഘർഷമുണ്ടായിരുന്നു. ഇന്ന് രാവിലെയായിരുന്നു വീണ്ടും സംഘർഷമുണ്ടായത്.

സംഘർഷത്തിൽ നാല് വിദ്യാർത്ഥികൾക്കും ഒരു അദ്ധ്യാപകനും പരിക്കേറ്റു. സംഘർഷത്തിനിടെ വിദ്യാർത്ഥികളെ പിടിച്ചുമാറ്റാൻ ശ്രമിച്ച അദ്ധ്യാപകനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 14 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സ്‌കൂളിൽ അടിയന്തര പിടിഎ യോഗം ചേർന്നു.

പരിക്കേറ്റ നാല് പ്ലസ് വൺ വിദ്യാർത്ഥികളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുവിദ്യാർത്ഥികൾ കുമരനെല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചികിത്സതേടി.
ചൊവ്വാഴ്ച രാവിലെയാണ് ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾ തമ്മിലടിച്ചത്.

ക്ലാസ് വരാന്തയിലൂടെ നടക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചതെന്നാണ് വിവരം. നവംബർ 23-നും സമാനകാരണത്തെച്ചൊല്ലി ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികളും തമ്മിലടിച്ചിരുന്നു. സ്‌കൂളിന് പുറത്തുവച്ചാണ് അന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. ഈ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ദിവസങ്ങൾക്ക് ശേഷം ഇതേകാരണവും പറഞ്ഞ് ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികളും ഏറ്റുമുട്ടിയത്. പ്ലസ് വൺ ക്ലാസിന്റെ വരാന്തയിലൂടെ പ്ലസ് ടു വിദ്യാർത്ഥികൾ നടന്നുവെന്നതിന്റെ പേരിലാണ് ഇന്ന് സംഘർഷമുണ്ടായത്. വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായെന്ന വിവരമറിഞ്ഞ് തൃത്താല പൊലീസ് സ്‌കൂളിലെത്തി