- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ഹൗസ് സർജന്മാരുടെ അനിശ്ചിത കാല സമരം ശക്തമായി; സ്റ്റെപ്പെൻഡ് അനുവദിക്കാതെ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് യുവ ഡോക്ടർമാർ
കണ്ണൂർ: സർക്കാർ ഏറ്റെടുത്ത പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ഡോക്ടർമാർ നടത്തി വരുന്ന അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ ശക്തമായി. ഹൗസ് സർജൻസി അസോസിയേഷൻ നേതാക്കളായ ഡോ : നീരജ കൃഷ്ണൻ ഡോ. സൗരവ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം അതിശക്തമാക്കിയത്.
അഡ്‌മിനിസ്‌ട്രേറ്റിവ് ബ്‌ളോക്കിന് മുൻപിലാണ് രണ്ടാം ദിവസം രാവിലെ മുതൽ ഒ.പി ബഹിഷ്‌കരിച്ചു ഹൗസ് സർജൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അൻപതിലേറെ യുവഡോക്ടർമാർ കുത്തിയിരിപ്പു സമരം നടത്തിയത്. ഇവിടെ സമരക്കാർ നിർമ്മിച്ച താൽകാലിക സമര പന്തൽ പൊളിച്ചു മാറ്റണമെന്ന പ്രിൻസിപ്പൽ നോട്ടീസ് പതിപ്പിച്ചിട്ടുണ്ടെങ്കിലും സമരക്കാർ അതിന് തയ്യാറായിട്ടില്ല. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹൗസ് സർജന്മാരുടെ അഞ്ചു മാസത്തെ സ്റ്റെപൻഡ് കുടിശിക അടിയന്തരമായി വിതരണം ചെയ്തു സമരത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഐ എം എ സംസ്ഥാന പ്രസിഡന്റ് ജോസഫ് ബനവൻ ആരോഗ്യ മന്ത്രിക്കും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്. അഞ്ചുമാസമായി മുടങ്ങി കിടക്കുന്ന സ്റ്റെപൻഡ് അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
എന്നാൽ തിങ്കളാഴ്ച ഉച്ചയ്ക്കു മെഡിക്കൽ കോളേജ് അധികൃതരുമായ ചർച്ച നടത്തിയെങ്കിലും ഈ കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് സമരം രണ്ടാം ദിവസവും തുടർന്നത്. കണ്ണൂർ, കാസർക്കോട് ജില്ലകളിലെ സാധാരണക്കാരായ രോഗികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആതുരാലയമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്. അവിടെ 24 മണിക്കൂർ ഡ്യൂട്ടി ചെയ്യുന്ന ഹൗസ് സർജൻസ് മാർ നടത്തുന്ന അനിശ്ചിതകാലസമരം സാധാരണക്കാരുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഫീസ് അടക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി സ്റ്റേ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പ്രതിമാസം 26,000 രൂപ നിരക്കിൽ തരേണ്ട ആനുകൂല്യം തങ്ങൾക്ക് നിഷേധിക്കുന്നതെന്നാണ് സമരം ചെയ്യുന്ന യുവ ഡോക്ടർമാർ പറയുന്നത്. 2017 ബാച്ചിനു കൃത്യമായി സ്റ്റെപെൻഡ് നൽകുന്നുണ്ട്. ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമര രംഗത്തിറങ്ങിയതെന്ന് ഇവർ പറഞ്ഞു. ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ വീട്ടുകാരെ ആശ്രയിക്കുകയാണ് തങ്ങൾ ചെയ്യുന്നത്. മെഡിക്കൽ കോളേജിൽ ഒരു കോടി രൂപ ഫണ്ടുണ്ടായിട്ടും തങ്ങൾക്ക് അനുവദിക്കാൻ തയ്യാറാകുന്നില്ലെന്നും ഇവർ പറയുന്നു. എന്നാൽ സമരം ശക്തിപ്രാപിക്കുമ്പോഴും മന്ത്രിതല ഇടപെടൽ നടന്നിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.




