പത്തനംതിട്ട: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ പത്തനംതിട്ട റാന്നി സ്വദേശി സുരേഷിനെയാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. റാന്നി ഡിപ്പോയിലെ ഡ്രൈവർ ടി എ സുരേഷാണ് പൊലീസിന്റെ പിടിയിലായത്.

ഫോണിലൂടെ യുവതിയെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. 2018 ഡിസംബർ മുതൽ പീഡിപ്പിച്ചെന്നാണ് മൊഴി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ സുരേഷ് ഒഴിഞ്ഞുമാറി. നഗ്‌ന ചിത്രങ്ങളും വീഡിയോയും കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

വെച്ചൂച്ചിറ പൊലീസാണ് യുവതിയുടെ പരാതി കിട്ടി മണിക്കൂറുകൾക്കകം ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതി സുരേഷ്. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.