- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2019നും 2021നും ഇടയിൽ രാജ്യത്ത് ആത്മഹത്യ ചെയ്തത് 35,950 വിദ്യാർത്ഥികൾ; ഏറ്റവും കൂടുതൽ ആത്മഹത്യ മഹാരാഷ്ട്രയിൽ
ന്യൂഡൽഹി: കോവിഡ് കാലമായ 2019-നും 2021-നും ഇടയിൽ രാജ്യത്ത് ആത്മഹത്യചെയ്തത് 35,950 വിദ്യാർത്ഥികൾ. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കിയത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി.) കണക്കുകൾപ്രകാരം 2019-ൽ 10,335-ൽനിന്ന് 2020-ൽ 12,526-ഉം 2021-ൽ 13,089-ഉം ആയി വിദ്യാർത്ഥി ആത്മഹത്യനിരക്ക് വധിച്ചതായി സഹമന്ത്രി അബ്ബയ്യ നാരായണസ്വാമി പറഞ്ഞു.
സാമൂഹികവിവേചനംമൂലം ആത്മഹത്യചെയ്ത പട്ടികജാതി-പട്ടികവർഗ-പിന്നാക്ക സമുദായങ്ങളിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ തേടിയുള്ള ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ യഥാക്രമം 2019, 2020, 2021 വർഷങ്ങളിൽ 418, 468, 497 വിദ്യാർത്ഥികൾ ജീവനൊടുക്കി. വിദ്യാർത്ഥി ആത്മഹത്യയിൽ മുന്നിൽ മഹാരാഷ്ട്ര(4969)യാണ്. മിസോറ(25)മിലാണ് കുറവ്. കേന്ദ്രഭരണപ്രദേശങ്ങളിൽ ഡൽഹിയിലാണ് (854) ഏറ്റവും കൂടുതൽ വിദ്യാർത്ഥി ആത്മഹത്യ. ഒരു ആത്മഹത്യപോലും റിപ്പോർട്ടുചെയ്യാത്ത ലക്ഷദ്വീപ് മാതൃകയാണ്.
സാമൂഹികവിവേചനം തടയാൻ രാജ്യത്ത് എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന ചോദ്യത്തിന് ഉന്നതവിദ്യാഭ്യാസവകുപ്പ് കൗൺസിലിങ് സെല്ലുകൾ, എസ്.സി./എസ്.ടി. വിദ്യാർത്ഥികളുടെ സെല്ലുകൾ തുടങ്ങി വിവിധ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്ന് നാരായണസ്വാമി പറഞ്ഞു. എസ്.സി., എസ്.ടി., ഒ.ബി.സി. വിദ്യാർത്ഥികളുടെ എണ്ണം സംബന്ധിച്ച് വിവരമില്ലെന്ന് ഡോ. ആലോക് സമുന്റെ ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.



